ജയറാം, കുഞ്ചാക്കോ ബോബൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി രമേശ് പിഷാരടി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് പഞ്ചവർണ്ണ തത്ത. ചിത്രം പ്രദർശനത്തിന് ഒരുങ്ങവേ വൻ തുകയ്ക്കാണ് സാറ്റലൈറ് അവകാശങ്ങൾ വിറ്റുപോയിരിക്കുന്നത്. ചിത്രത്തിന്റെ സാറ്റലൈറ്റ് അവകാശങ്ങൾ നേടിയെടുക്കുന്നതിന് നിരവധി ചാനലുകൾ രംഗത്തെത്തിയിരുന്നെങ്കിലും മഴവിൽ മനോരമയാണ് റെക്കോർഡ് തുകയ്ക്ക് അവകാശം സ്വന്തമാക്കിയിരിക്കുന്നത്. 3 .92 കോടി രൂപയാണ് ചിത്രത്തിന്റെ സാറ്റലൈറ്റ് തുക. ചെറിയ മുതൽമുടക്കോടെ നിർമിച്ച ഈ സിനിമ ഇത്രയേറെ വലിയ തുകയ്ക്ക് വിറ്റുപോയപ്പോൾ തന്നെ സിനിമ ഒരു വലിയ വിജയമാകുമെന്നുള്ള പ്രതീക്ഷയിലാണ് അണിയറ പ്രവർത്തകർ. ജയറാമും കുഞ്ചാക്കോ ബോബനും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ചിത്രത്തിന്റെ ട്രൈലെർ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. ജയറാമിന്റെ കരിയറിൽ ഇന്നേവരെ കാണാത്ത അവതരണവും ശബ്ദവും പ്രേക്ഷക ശ്രദ്ധ ഏറെ ആകർഷിച്ചിരുന്നു. ഈ കാരണങ്ങൾ തന്നെയാകാം സിനിമയുടെ സാറ്റലൈറ്റ് അവകാശം വലിയ തുകയ്ക്ക് വിറ്റുപോകാനുള്ള കാരണവും.
ഫാമിലി കോമഡി ലേബലോടെ എത്തുന്ന ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത് രമേശ് പിഷാരടിയും ഹരി പി നായരും ചേർന്നാണ്. നടനും നിർമ്മാതാവും ആയ മണിയൻ പിള്ള രാജു നിർമ്മിച്ച ചിത്രത്തിൽ അനുശ്രീ ആണ് നായിക. ധർമജൻ, അശോകൻ, മല്ലിക സുകുമാരൻ തുടങ്ങിയവർ അഭിനയിച്ചിരിക്കുന്നു. ചിത്രത്തിൽ മനുഷ്യരെ പോലെ തന്നെ മൃഗങ്ങൾക്കും പ്രാധാന്യം നൽകി ഒരുക്കിയ ചിത്രം കുട്ടികളെ കൂടി ആകർഷിക്കും. ചിത്രം വിഷു റിലീസ് ആയി തീയറ്ററുകളിൽ എത്തും.