റാഫി മെക്കാര്‍ട്ടിന്‍ സംവിധാനം ചെയ്ത പഞ്ചാബി ഹൗസിലെ കോമഡി സീനുകളെല്ലാം മലയാളികള്‍ക്ക് എന്നെന്നും പ്രിയപ്പെട്ടതാണ്. എത്ര കണ്ടാലും മതി വരാത്ത നിരവധി കോമെഡി സീനുകള്‍ ചിത്രത്തിലുണ്ട്. ഗംഗാധരന് മുതലാളിയും രമണനുമാണ് പല കോമെഡി സീനുകളിലും ആരാധകരില്‍ ചിരി പൊട്ടിച്ചത്. ദിലീപാണ് നായകനെങ്കിലും സിനിമയില്‍ സ്കോര്‍ ചെയ്തത് രമണനാണ്. ചിത്രം ഇറങ്ങി വര്‍ഷങ്ങള്‍ കഴിയുമ്പോഴും രമണനും ചിത്രത്തിലെ കോമെഡി സീനുകള്‍ക്കും മരണമില്ല. ട്രോളുകളിലും നിറ സാന്നിധ്യമാണ് രമണന്.
ചിത്രം കണ്ടവരുടെ മനസില്‍ രമണന് ഗുസ്തി പിടിക്കുന്ന രംഗം തങ്ങിനില്ക്കുന്നുണ്ടാകും. രസകരമയ ആ രംഗത്തില്‍ രമണനോട് ഏറ്റുമുട്ടാന്‍ ഗോദയിലെത്തുന്ന സോണിയയെ മലയാളികള്‍ മറന്നുകാണില്ല.ഒറ്റസീനില്‍ പ്രേക്ഷകരുടെ ശ്രദ്ധ കവര്‍ന്ന സോണിയ എന്ന കഥാപാത്രമായെത്തിയ സംശുദ്ധ് ഏബല്‍ ഇപ്പോള്‍ കാക്കനാട്ടെ ജിമ്മില്‍ ഫിറ്റ്നസ് ട്രെയിനറാണ്.
.’സോണിയ വന്നാട്ടേ…പോന്നാട്ടെ’ എന്ന ഹരിശ്രീ അശോകന്റെ ഡയലോഗ് കേള്‍ക്കുമ്പോള്‍ ആരാധകര്‍ വിചാരിച്ചത് ഒരു സ്ത്രീ ആയിരിക്കും എന്നാണ് . എന്നാല്‍ വന്നത്ജിം ബോഡിയുള്ള സംശുദ്ദ് ആണ്. ഫോര്‍ട്ട് വൈപ്പിന്‍ അഴീക്കല്‍ പൊള്ളേപ്പറമ്പില്‍ സംശുദ്ധ് എന്ന 41കാരന് നാഷനല്‍ പഞ്ചഗുസ്തി മത്സരത്തിലെ വെള്ളി മെഡല്‍ ജേതാവ് കൂടിയാണ്.പഞ്ചാബി ഹൗസിനു ശേഷം ഏതാനും സിനിമകളില്‍ അദ്ദേഹം ചെറിയ റോളില്‍ അഭിനയിച്ചിരുന്നു.