ഫിലിം കമ്പാനിയന്റെ റൗണ്ട് ടേബിള്‍ എന്ന പരിപാടിയില്‍ സംസാരിക്കവേ അര്ജുന് റെഡ്ഡി സമൂഹത്തിന് തെറ്റായ സന്ദേശമാണ് നല്‍കുന്നതെന്ന് പാർവതി. ദീപികാ പദുകോണ്‍, അലിയാ ഭട്ട്, രണ്‍വീര്‍ സിങ്, ആയുഷ്മാന്‍ ഖുറാന, മനോജ് വാജ്പേയ്, വിജയ് ദേവരകൊണ്ട, വിജയ് സേതുപതി തുടങ്ങിയവരും സിനിമ സംബന്ധമായ സംവാദ പരിപാടിയായ ‘റൗണ്ട് ടേബിളി’ല്‍ സമകാലിക ഇന്ത്യന്‍ സിനിമയെ കുറിച്ച് സംസാരിക്കാൻ ഒത്തുകൂടിയിരുന്നു. ‘അര്ജുന് റെഡ്ഡി’ നായക കഥാപാത്രത്തെ ന്യായീകരിക്കുമ്പോള്‍ ‘ജോക്കര്‍’ എന്ന ചിത്രം അത് ചെയ്യുന്നില്ലെന്നും ‘ജോക്കര്‍’ എന്ന സിനിമ വസ്തുതകളെ കാണിക്കുക മാത്രമാണ് ചെയ്യുന്നത് എന്നും അല്ലാതെ നിങ്ങള്‍ എല്ലാവരേയും കൊല്ലണമെന്ന് പറയുകയോ കൊലപാതകത്തെ മഹത്വവത്കരിക്കുകയോ ചെയ്യുന്നില്ല എന്നും പാർവതി പറയുന്നു.
ഒരു വ്യക്തിയുടെ സ്വഭാവ രൂപീകരണത്തെ സിനിമ സ്വാധീനിക്കുന്നുണ്ടെന്ന് താന്‍ വിശ്വസിക്കുന്നില്ലെന്നും ‘സമൂഹത്തിന് സന്ദേശം കൊടുക്കുക എന്നതിലുപരി തനിക്ക് ചെയ്യാനിഷ്ടമുള്ള കഥാപാത്രം ചെയ്യുക എന്നതാണ് ഒരു സിനിമ തിരഞ്ഞെടുക്കുമ്പോള്‍ താന്‍ പരിഗണിക്കുന്നത് എന്നും വിജയ് ദേവരകൊണ്ട പറഞ്ഞു. എല്ലാവർക്കും ഇഷ്ടപ്പെടുന്ന ചിത്രം ചെയ്യാൻ തനിക്ക് ആവില്ല എന്നും അദ്ദേഹം പറഞ്ഞു.