പൗരത്വഭേതഗതി നിയമം ഉൾപ്പെടെയുള്ള വിഷയങ്ങളിൽ സർക്കാറിനെ പിന്തുണച്ച് രംഗത്ത് വന്ന നടൻ അനുപം ഖേറിനെ പരിഹസിച്ച് നടി പാർവതി രംഗത്തെത്തിയിരിക്കുകയാണ്. സാമൂഹിക മാധ്യമങ്ങളിൽ അനുപം ഖേറിന്റെ വീഡിയോ പങ്കുവച്ച പാർവതി ”അയ്യേ” എന്നു കുറിച്ചുകൊണ്ട് ഒറ്റവാക്കിൽ തന്നെ നിലപാട് വ്യക്തമാക്കിയിരിക്കുകയാണ്. എല്ലാ ഇന്ത്യക്കാരോടും എനിക്ക് പറയാനുള്ളത് എന്ന കുറിപ്പോടെ അനുപം ഖേർ പങ്കുവെച്ച് സന്ദേശത്തിലാണ് ഇത്തരം കമന്റ് പാർവ്വതി നൽകിയത്. പൗരത്വഭേതഗതി നിയമത്തിനെതിരേ തുടക്കം മുതൽ പ്രതിഷേധം ഉയർത്തിയ പാർവതി മുംബൈയിലെ ഓഗസ്റ്റ് ക്രാന്തി മൈതാനത്തിൽ നടന്ന പ്രതിഷേധത്തിലും പങ്കെടുത്തിരുന്നു.
ചില ആളുകൾ രാജ്യത്തിന്റെ അഖണ്ഡതയെ തകർക്കാൻ ശ്രമിക്കുമ്പോൾ അത് സംഭവിക്കാൻ അനുവദിക്കരുതെന്നും കുറച്ചു നാളുകളായി അത്തരം ആളുകൾ സമാനമായ അന്തരീക്ഷം സൃഷ്ടിക്കാൻ ശ്രമിക്കുന്നു എന്നും അവരാണ് അസഹിഷ്ണുതയുടെ വക്താക്കൾ എന്നും അദ്ദേഹം പറഞ്ഞു. സർക്കാറിനെ അസ്ഥിരപ്പെടുത്താണ് ഇവരുടെ ശ്രമം, അത് തിരിച്ചറിയണം എന്നുമായിരുന്നു അദ്ദേഹത്തിന്റെ സന്ദേശം.