പാർവതിയുടെ അസാമാന്യ അഭിനയം കൊണ്ടും മനു അശോകൻ എന്ന നവാഗത സംവിധായകന്റെ അത്ഭുതപ്പെടുത്തുന്ന മേക്കിങ്ങ് കൊണ്ടും സഞ്ജയ് – ബോബിയുടെ തിരക്കഥ കൊണ്ടും ആസിഫ് അലി, ടോവിനോ തുടങ്ങിയവരുടെ നിറസാന്നിധ്യം കൊണ്ടും അതിനെല്ലാം ഉപരി ശക്തമായ പ്രമേയം കൊണ്ടും പ്രേക്ഷകരെ അത്ഭുതപ്പെടുത്തിയ ഉയരെ ഗംഭീര റിപ്പോർട്ടുകൾ കരസ്ഥമാക്കി കുതിക്കുകയാണ്. ആസിഡ് ആക്രമണത്തിന് ഇരയായ പെൺകുട്ടി എന്ന നിലയിൽ ഏറെ കൈയ്യടികൾ നേടുന്ന പ്രകടനമാണ് പാർവതി കാഴ്ച വെച്ചത്. ആ കഥാപാത്രത്തിന്റെ പൂർണതക്കായി അനുഭവിച്ച കഷ്ടപ്പാടുകൾ പങ്ക് വെക്കുകയാണ് പാർവതി. സിനിമഡാഡിയുടെ ഫൺ ചാറ്റ് ഷോ ‘എങ്കിലേ എന്നോട് പറ’ എന്ന പ്രോഗ്രാമിലാണ് പാർവതി മനസ്സ് തുറന്നത്.
മൂന്നും നാലും മണിക്കൂറെടുത്താണ് ആ മേക്കപ്പ് പൂര്‍ത്തിയാക്കിയത്. സമയമല്ല എന്നെ വിഷമിപ്പിച്ചത്. ആൽക്കഹോളും അസെറ്റോണും തുടങ്ങിയ രാസപദാർഥങ്ങൾ അടങ്ങിയിട്ടുള്ള മേക്കപ്പ് ആണ് ഉപയോഗിച്ചിട്ടുള്ളത്. 19 മണിക്കൂറോളം ഈ മേക്കപ്പ് ഇട്ടാണ് അഭിനയിക്കുന്നത്. മേക്കപ്പ് അഴിക്കാനും കെമിക്കലുകൾ തന്നെ വേണം. ആറ് മണിക്കൂർ ഇടവേളയിൽ വീണ്ടും ഇതേ മേക്കപ്പ് ചെയ്യണം. അതൊന്നുമായിരുന്നില്ല എന്റെ പ്രശ്നം. മേക്കപ്പ് ഇട്ടശേഷം ശാരീരികമായ പരിമിതികളുണ്ട്. അധികം സംസാരിക്കാൻ കഴിയില്ല, ഭക്ഷണം കഴിക്കാൻ സാധിക്കില്ല. ഇതിനുമപ്പുറം ആന്തരികമായി കടന്നുപോകേണ്ടിവരുന്ന വെല്ലുവിളികളുണ്ട്. മേക്കപ്പിനെക്കുറിച്ച് സെറ്റിൽ എല്ലാവർക്കും അറിയാം. എന്നിട്ടും അവർക്ക് കാണുമ്പോൾ ഞെട്ടലുണ്ടാകുന്നു. അതെനിക്ക് ബുദ്ധമുട്ടുണ്ടാക്കിയിരുന്നു. അപ്പോൾ ഞാൻ ചിന്തിച്ചത്, ആസിഡ് അറ്റാക്കിന് ഇരകളായവർ എങ്ങനെ ജീവിക്കുന്നു എന്നാണ്.
ആ മുഖവുമായി ഞാൻ പൊരുത്തപ്പെട്ടു. സ്വയം ഉൾക്കൊള്ളുക എന്നത് എളുപ്പമാണ്. സമൂഹമാണ് പ്രശ്നം. നമ്മളെ ഉൾക്കൊള്ളാൻ സമൂഹം അനുവദിക്കില്ല. എന്നെ കാണുമ്പോൾ സമൂഹത്തിന് ബുദ്ധിമുട്ടുണ്ടാകുന്നു, അപ്പോൾ ഞാൻ സമൂഹത്തിന്റെ കാര്യം കൂടി നോക്കണം. ഈ ട്രോമകളെ അതിജീവിച്ചാലും അംഗീകരിക്കണം എന്നില്ല. ഇത്രയൊക്കെ അനുഭവിച്ചിട്ടും ഇവളെന്താണ് സന്തോഷിച്ചിരിക്കുന്നത് എന്നാകും ചിന്തിക്കുക. ശരിക്കും സന്തോഷിക്കുകയല്ലേ വേണ്ടത്? അതുതന്നെയാണ് എന്നെ ഏറ്റവുമധികം ബാധിച്ചത്. സിനിമയുടെ ഭാഗമായി ആസിഡ് അറ്റാക്ക് ഇരകളെ നേരിൽ പോയി കണ്ടിരുന്നു. മൂന്ന് വയസ്സുള്ളപ്പോൾ അച്ഛൻ മുഖത്ത് ആസിഡ് ഒഴിച്ച കുഞ്ഞുങ്ങളെ കണ്ടു. രണ്ട് പെൺകുട്ടികളാണ് അയാൾക്ക്. രണ്ടുപേരെയും കൊല്ലാൻ വേണ്ടി ചെയ്തതാണ്. ഒരാള്‍ മരിച്ചുപോയി. ഒരാളുടെ കാഴ്ചശക്തി നഷ്ടപ്പെട്ടു. അമ്മയുടെ കൈക്കും പൊള്ളലേറ്റിരുന്നു. ഇതുവരെ ആ ഭർത്താവിനെ വിട്ടുപോകാൻ സമൂഹം അവരെ അനുവദിച്ചിട്ടില്ല. ആ വേദനകൾ മുഴുവനായി സിനിമയില്‍ കാണിക്കാൻ പറ്റില്ല. പറ്റുന്നതിന്റെ പരമാവധി ഭംഗിയായി ചെയ്തിട്ടുണ്ട്.