കോവിഡിന്റെ രണ്ടാം തരംഗത്തില്‍ രോഗികളുടെ എണ്ണം കുതിച്ചുയരുന്ന സാഹചര്യം കണക്കിലെടുത്ത് ഇത്തവണ തൃശൂര്‍ പൂരം നടത്തരുതെന്ന് പറഞ്ഞ് നടി പാര്‍വതി തിരുവോത്ത് രംഗത്ത്. ഈ സാഹചര്യത്തില്‍ അല്പം മനുഷ്യത്വമാണ് കാണിക്കേണ്ടതെന്നും താരം പറഞ്ഞു. ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെ മാധ്യമപ്രവര്‍ത്തക ഷാഹീന നഫീസയുടെ കുറിപ്പ് പങ്കുവെച്ചു കൊണ്ടാണ് പാര്‍വതി തന്റെ അഭിപ്രായം വ്യക്തമാക്കിയത്.
‘ഈ അവസരത്തില്‍ ഉപയോഗിക്കേണ്ട ഭാഷ ഇതല്ല. പക്ഷേ ആ ഭാഷ ഉപയോഗിക്കുവാന്‍ എനിക്ക് ബുദ്ധിമുട്ടുണ്ട്. ഞാന്‍ ഉദ്ദേശിച്ചത് നിങ്ങള്‍ക്ക് മനസ്സിലായിക്കാണും. അല്പമെങ്കിലും മനുഷ്യത്വം കാണിക്കുക.’-പാര്‍വതി പറഞ്ഞു.
‘ആരുടെ ഉത്സവമാണ് പൂരം? ആണുങ്ങളുടെ. നാനാജാതി മതസ്ഥരായ ആണുങ്ങളുടെ മാത്രം. കോവിഡ് വാഹകരായി വീട്ടില്‍ വന്ന് കയറി സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും, വൃദ്ധര്‍ക്കും രോഗമുണ്ടാവുകയാണ് ഈ ആഘോഷം കൊണ്ട് ഉണ്ടാവാന്‍ പോകുന്നത്.’ -ഇങ്ങനെയായിരുന്നു ഷാഹീനയുടെ കുറിപ്പ്.
സംവിധായകന് ഡോ. ബിജുവും പൂരം നടത്തുന്നതിനെതിരെ പ്രതികരിച്ചിരുന്നു.
‘ഇലക്ഷന് മാമാങ്കം കഴിഞ്ഞു…ഇനി….അവിടെ കുംഭ മേള…ഇവിടെ തൃശൂര്‍ പൂരം….എന്തു മനോഹരമായ നാട്….ഏതു നൂറ്റാണ്ടിലാണാവോ ഈ മനുഷ്യന്മാരും ഭരണാധികാരികളും രാഷ്ട്രീയക്കാരും ഉത്സവ പ്രേമികളും ജീവിക്കുന്നത്….ഇവരൊക്കെയാണ് യഥാര്‍ഥ വൈറസുകള്‍…കൊറോണ വൈറസ് ഇവര്‍ക്ക് മുന്പില് തലകുനിക്കണം.’-ഡോ. ബിജുവിന്റെ പ്രതികരണം ഇങ്ങനെയായിരുന്നു.