കൊവിഡിന്റെ പശ്ചാത്തലത്തില്‍ മലപ്പുറത്തെ ആരാധനാലയങ്ങളില്‍ അഞ്ച് പേരെ മാത്രമെ പ്രവേശിക്കാവു എന്ന നിര്‍ദ്ദേശം മാറ്റരുതെന്ന് ആവശ്യപ്പെട്ട് നടി പാര്‍വ്വതി തിരിവോത്ത്. സംഭവത്തില്‍ വിവിധ മതനേതാക്കളുടെ ആവശ്യ പ്രകാരം പുനഃപരിശോധന നടത്താന്‍ തീരുമാനിച്ചതിനെതിരെയാണ് പാര്‍വ്വതി രംഗത്തെത്തിയത്.
മലപ്പുറം കളക്ടര്‍ കെ ഗോപാലകൃഷ്ണന് ഫേസ്ബുക്കിലാണ് ഇത് സംബന്ധിച്ച അന്തിമ തീരുമാനം തിങ്കളാഴ്ച്ച ഉണ്ടാകുമെന്ന് അറിയിച്ചത്. തിങ്കളാഴ്ച്ചത്തെ യോഗത്തിലും ആളുകളെ പരിമിതപ്പെടുത്താനുള്ള തീരുമാനത്തില്‍ നിന്നും പിന്മാറരുതെന്നാണ് പാര്‍വ്വതി ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെ അഭിപ്രായപ്പെട്ടത്.
നേരത്തെ തൃശൂര്‍ പൂരം ആളുകളെ ഉള്‍പ്പെടുത്തി നടത്തുന്നതിലും താരം എതിര്‍പ്പുമായി രംഗത്തെത്തിയിരുന്നു. കൊവിഡിന്റെ രണ്ടാം വരവിലെങ്കിലും അല്പം മാനുഷിക പരിഗണന നല്ലതാണെന്നാണ് താരം പറയുന്നത്. ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് പാര്‍വ്വതി തന്റെ അഭിപ്രായം വ്യക്തമാക്കിയത്. അതേസമയം സംസ്ഥാനത്ത് ഇന്നലെ 28,447 പേര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. എറണാകുളം 4548, കോഴിക്കോട് 3939, തൃശൂര്‍ 2952, മലപ്പുറം 2671, തിരുവനന്തപുരം 2345, കണ്ണൂര്‍ 1998, കോട്ടയം 1986, പാലക്കാട് 1728, ആലപ്പുഴ 1239, പത്തനംതിട്ട 1171, കാസര്‍ഗോഡ് 1110, കൊല്ലം 1080, ഇടുക്കി 868, വയനാട് 812 എന്നിങ്ങനേയാണ് ജില്ലകളില്‍ രോഗ ബാധ സ്ഥിരീകരിച്ചത്.
രണ്ടാംഘട്ട കൂട്ടപരിശോധനയുടെ ഭാഗമായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ബുധന്‍, വ്യാഴം ദിവസങ്ങളിലായി 2,90,262 സാമ്പിളുകള്‍ ശേഖരിച്ചിരുന്നു. ഇതുള്‍പ്പെടെ കഴിഞ്ഞ 24 മണിക്കൂറിനിടെ 1,30,617 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 21.78 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്., ആര്.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 1,48,58,794 സാമ്പിളുകളാണ് പരിശോധിച്ചത്.