ആസിഡ് ആക്രമണത്തെ അതിജീവിച്ച പെണ്‍കുട്ടിയായി ദീപിക പദുകോണെത്തിയ ചിത്രം ചപാക്കിനെ പ്രശംസിച്ച് നടി പാര്‍വതി തിരുവോത്ത് രംഗത്തെത്തിയിരിക്കുകയാണ്. ഉയരെ ചെയ്യുമ്പോള്‍ തനിക്കുണ്ടായിരുന്ന ഫീലിനോട് ചപാക് കണ്ട ശേഷമുള്ള അവസ്ഥയെ ഉപയോഗിച്ചുകൊണ്ട് ഇന്‍സ്റ്റഗ്രാമിലൂടെയാണ് പാര്‍വതിയുടെ പ്രശംസ.
പാർവതിയുടെ കുറുപ്പിന്റെ പൂർണ്ണരൂപം;
‘മാല്‍തിയുടെ യാത്രയോട് ഇത്രമേല്‍ ചേര്‍ന്നു നിന്നതിന് ദീപികയോടും മേഘ്നയോടും നന്ദി പറയുന്നു. ലോകത്തുള്ള എല്ലാ പല്ലവിമാര്‍ക്കും മാല്‍തിമാര്‍ക്കും വേണ്ടി തുറന്നു പറയാന്‍ നമ്മള് ബാദ്ധ്യസ്ഥരാണ്. ആസിഡ് ഇന്നും രാജ്യത്ത് അനായാസം ലഭ്യമാണ്. എല്ലാ വര്‍ഷവും നൂറുകണക്കിന് ജീവനുകളാണ് നമുക്ക് നഷ്ടമാകുന്നതെന്ന് മറക്കാതിരിക്കുക. ഞാനടക്കമുള്ളവര്‍ സുരക്ഷിതരായി നടക്കുന്നുണ്ടെങ്കില്‍ അത് ഭാഗ്യം കൊണ്ട് മാത്രമാണ്. അല്ലാതെ സുരക്ഷ ഉറപ്പുള്ളത് കൊണ്ടല്ല. നമുക്ക് നമ്മള് മാത്രമേയുള്ളു.’
ആസിഡ് ആക്രമണത്തിന് ഇരയായ സാമൂഹിക പ്രവര്‍ത്തക ലക്ഷ്മി അഗര്‍വാളിന്റെ ജീവിതകഥ പ്രമേയമാക്കിയ മേഘ്ന ഗുല്‍സാര്‍ സംവിധാനം ചെയ്യുന്ന ചപാക് റിയലിസ്റ്റിക് ഡ്രാമയായാണ് ഒരുക്കിയിരിക്കുന്നത്. ലക്ഷ്മി അഗര്‍വാളിന്റെ ജീവിത യാഥാര്‍ത്ഥ്യങ്ങള്‍ മാത്രമല്ല, ആസിഡ് ആക്രമണം അതിജീവിച്ചവരുടെ പോരാട്ടങ്ങളും സ്ഥിരതയും ജീവിതത്തോടുള്ള സമരങ്ങളുമാണ് ചിത്രം പറയുന്നത്.