‘പത്തൊമ്പതാം നൂറ്റാണ്ടി’ന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തു വിട്ട് സംവിധായകന് വിനയന്. അനൂപ് മേനോനാണ് തിരുവിതാംകൂര്‍ മഹാരാജാവിന്റെ റോളില്‍ എത്തുന്നത്.
വിനയന്റെ വാക്കുകള്‍
നടന് അനൂപ് മേനോന് അഭിനയിക്കുന്ന, പത്തൊമ്പതാം നൂറ്റാണ്ടില്‍ തിരുവിതാംകൂര്‍ ഭരിച്ച മഹാരാജാവിന്റെ കഥാപാത്രത്തെയാണ് ആദ്യ പോസ്റ്ററിലൂടെ അവതരിപ്പിക്കുന്നത്.. ഏതു മഹാരാജാവിനെ ആണ് അനൂപ് പ്രതിനിധാനം ചെയ്യുന്നത് എന്ന് സിനിമ കാണുമ്പോള്‍ നിങ്ങള്‍ക്കു മനസ്സിലാകും.
പത്തൊമ്പതാം നൂറ്റാണ്ടിന്റെ ആദ്യ വര്‍ഷങ്ങളില്‍ 1810 വരെ അവിട്ടം തിരുന്നാള്‍ മഹാരാജാവായിരുന്നു തിരുവിതാംകൂറിന്റെ ഭരണാധി കാരി. അതു കഴിഞ്ഞ്1815 വരെ റാണി ഗൗരീ ലക്ഷ്മീഭായി ആയിരുന്നു മഹാറാണി..1829 വരെ ബാലനായിരുന്ന സ്വാതി തിരുനാളിനു വേണ്ടി രാജ്യംഭരിച്ച റാണി ഗൗരി പാര്‍വ്വതി ഭായി തിരുവിതാംകൂറിന്റെ റീജന്റ് ആയിരുന്നു. അതിനു ശേഷം 1846 വരെ സ്വാതി തിരുനാളും 1860 വരെ ഉത്രം തിരുന്നാളും 1880 വരെ ആയില്യം തിരുന്നാളും തിരുവിതാംകൂറിന്റെ മഹാരാജാക്കന്മാര് ആയിരുന്നു. പൂര്‍ണ്ണമായും ഒരു ആക്ഷന്‍ ഓറിയന്റഡ് ഫിലിം ആണങ്കില്‍ കൂടി ഈ കാലഘട്ടങ്ങളുടെ ചരിത്രത്തിലൂടെ പത്തൊന്‍പതാം നൂറ്റാണ്ട് എന്ന ചിത്രം കടന്നു പോകുന്നുണ്ട്..
1812 ഡിസംബര്‍ 5ന് റാണി ഗൗരി ലക്ഷ്മിഭായി തിരുവിതാംകൂറില്‍ അടിമപ്പണിയും, അടിമക്കച്ചവടവും നിര്‍ത്തലാക്കിക്കൊണ്ട് വിജ്ഞാപനം ഇറക്കിയിരുന്നതാണ്. പക്ഷേ തങ്ങളുടെ വയലുകളില്‍ മാടുകളെ പോലെ പണിയെടുപ്പിക്കാന്‍ ഈ അടിമകള്‍ അനിവാര്യമെന്നു തോന്നിയിരുന്ന ചില പ്രമാണികള്‍ ആ നിയമം കാറ്റില്‍ പറത്തിക്കൊണ്ടു മുന്നോട്ടു പോയി. ഒടുവില്‍ 1854 ല്‍ ഉത്രം തിരുന്നാള്‍ മഹാരാജാവിന്റെ ശക്തമായ ഇടപെടല്‍ വീണ്ടും വേണ്ടി വന്നു അടിമക്കച്ചവടം നിര്‍ത്തലാക്കാന്‍… അതു പോലെ താണ ജാതിയില്‍ പെട്ട സ്ത്രീകള്‍ക്ക് മാറു മറയ്കാനുള്ള അവകാശം നല്‍കിക്കൊണ്ട് 1812ല്‍ തന്നെ റാണി ഗൗരി ലക്ഷ്മിഭായ് വിളംബരം ചെയ്തിട്ടും പിന്നെയും ഒരു നൂറ്റാണ്ടിലേറെ എടുത്തു അധ: സ്ഥിതര്‍ക്ക് ആ അവകാശം വേണ്ടരീതിയില്‍ ഈനാട്ടില്‍ ലഭ്യമാകുവാന്‍… നമ്മുടെ സാഹിത്യത്തിലോ, സിനിമയിലോ, ഈ വിഷയം വേണ്ട രീതിയില്‍ ചര്‍ച്ച ചെയ്യപ്പെട്ടിട്ടുണ്ടോ? പത്തൊമ്പതാം നൂറ്റാണ്ട് അതിനുള്ള ശ്രമം കൂടി നടത്തുന്നുണ്ട്..
വിനയന് തന്നെയാണ് പത്തൊമ്പതാം നൂറ്റാണ്ടിന്റെ രചനയും സംവിധാനവും നിര്‍വഹിക്കുന്നത്. ചിത്രം 2022ല്‍ തീയേറ്ററുകളിലെത്തും. 19-ാം നൂറ്റാണ്ടിന്റെ മധ്യ കാലഘട്ടത്തില്‍ ജീവിച്ചിരുന്ന ആറാട്ടുപുഴ വേലായുധ പണിക്കരായാണ് സിജു വില്‍സണ്‍ എത്തുന്നത്.