വിനയൻ സംവിധാനത്തിൽ ഒരുങ്ങുന്ന പുതിയ ചിത്രമായ പത്തൊമ്പതാം നൂറ്റാണ്ടിന്റെ ഒമ്പതാമത് കാരക്ടർ പോസ്റ്റർ പുറത്തിറങ്ങി. സംവിധാകൻ വിനയൻ തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ ഒമ്പതാമത് കാരക്ടർ പോസ്റ്റർ റിലീസ് ചെയ്തത്. തിരുവിതാംകൂറിന്റെ പടനായകൻ പാച്ചുപ്പണിക്കരായി സിനിമയിൽ എത്തുന്നത് നടൻ സുധീർ കരമനയാണ്. ഒമ്പതാമത് കാരക്ടർ പോസ്റ്ററായി പുറത്തിറങ്ങിയത് ഇതാണ്. പട നയിക്കാനും അങ്കം വെട്ടാനും പേരെടുത്ത പ്രഗത്ഭനായ പടനായകന് തസ്കര വീരൻ കായംകുളം കൊച്ചുണ്ണിയെ പിടികൂടാനാകുന്നില്ല എന്നത് വലിയ അഭിമാനക്ഷതമായിരുന്നു. അതിനു കാരണക്കാരായവരോട് വലിയ പകയും വിരോധവുമായി ഇറങ്ങി തിരിക്കുകയായിരുന്നു പടനായകൻ. ഇതിനിടയിൽ ആറാട്ടുപുഴ വേലായുധച്ചേകവർ എന്ന അതിസാഹസികനായ പോരാളിയുടെ രംഗ പ്രവേശം തസ്കര വീരനെയും ഒന്നു വിറപ്പിച്ചു. സുധീറിന്റെ വ്യത്യസ്തതയുള്ള കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടേക്കാമെന്നാണ് സംവിധായകൻ പറയുന്നത്.
സിജു വിത്സനാണ് ചിത്രത്തിൽ ആറാട്ടുപുഴ വേലായുധ പണിക്കർ എന്ന നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. പുതുമുഖം കയാദു ലോഹറാണ് നായിക. ചിത്രത്തിൽ കായംകുളം കൊച്ചുണ്ണിയായി ചെമ്പൻ വിനോദും എത്തുന്നുണ്ട്. സിനിമയുടെ ആദ്യ കാരക്ടർ പോസ്റ്റ് ഓഗസ്റ്റിലായിരുന്നു പങ്കുവെച്ചത്. തിരുവിതാംകൂർ ഭരിച്ച മഹാരാജാവായി അനൂപ് മേനോന്റെ കഥാപാത്രത്തെ ആയിരുന്നു ആദ്യ പോസ്റ്ററിലൂടെ അവതരിപ്പിച്ചത്. തൊട്ടു പിന്നാലെ, എട്ട് കാരക്ടർ പോസ്റ്ററുകളാണ് ഇതുവരെ പങ്കുവെച്ചത്. സുദേവ് നായർ അവതരിപ്പിക്കുന്ന കഥാപാത്രം പടവീടൻ നമ്പി, സുരേഷ്കൃഷ്ണ അവതരിപ്പിക്കുന്ന പണിക്കശ്ശേരി തറവാട്ടിലെ പരമേശ്വരകൈമൾ, ദീപ്തി സതി അവതരിപ്പിക്കുന്ന വലിയ കോവിലകത്തെ സാവിത്രി തമ്പുരാട്ടി, സെന്തിൽ രാജാമണി അവതരിപ്പിക്കുന്ന ചിരുകണ്ടൻ, മണികണ്ഠൻ ആചാരി അവതരിപ്പിക്കുന്ന ബാവ, രാഘവൻ അഭിനയിക്കുന്ന ഈശ്വരൻ നമ്പൂതിരി, രേണു അവതരിപ്പിക്കുന്ന നീലി എന്നീ കാരക്ടർ പോസ്റ്ററുകളാണ് ഇതുവരെ അവതരിപ്പിച്ചത്.
തിരുവിതാംകൂറിന്റെ ചരിത്രരേഖകളിൽ പലപ്പോഴും തമസ്കരിക്കപ്പെട്ട ആറാട്ടുപുഴ വേലായുധപ്പണിക്കർ എന്ന ധീരകഥാപാത്രത്തെ നായകനാക്കി ശ്രീ ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന ഈ ചിത്രം വലിയ ക്യാൻവാസിൽ തന്നെയാണ് പ്രേക്ഷകർക്കു മുന്നിലെത്തുന്നത്. ഏറ്റവും നല്ല സാങ്കേതിക തികവോടെ 2022 ആദ്യപാദത്തിൽ തീയറ്ററുകളിൽ എത്തുന്ന ഈ ചിത്രം കൊമേഴ്സ്യലായും കലാപരമായും ഒരു നാഴികക്കല്ലായി മാറുമെന്ന പ്രതീക്ഷയിലാണ് അണിയറപ്രവർത്തകർ.