Tuesday, June 2

ചിരിച്ചും ചിന്തിച്ചും ആസ്വദിക്കാവുന്ന സ്വാദിഷ്ടമായ വിഭവം | പട്ടാഭിരാമൻ റിവ്യൂ

Pinterest LinkedIn Tumblr +

മാറിവരുന്ന കാലഘട്ടത്തിൽ മലയാളി ഏറ്റവുമധികം മാറിയിരിക്കുന്നത് അവരുടെ ഭക്ഷണരീതികളിൽ കൂടിയുമാണ്. കിട്ടുന്നത് തിന്നിരുന്ന മലയാളി തിന്നാൻ കിട്ടുന്നത് തേടി പോകുന്ന കാലമാണിത്. മനസ്സ്‌ നിറക്കുന്ന രുചിഭേദങ്ങൾ തേടി സഞ്ചരിക്കുന്ന ഇന്നത്തെ മലയാളിക്ക് മുന്നിൽ തീർച്ചയായും ചർച്ചക്ക് എടുത്തു വെക്കേണ്ട ചില കാര്യങ്ങൾ എടുത്തു കാട്ടുകയാണ് കണ്ണൻ താമരക്കുളം ജയറാമിനൊപ്പം നാലാം വട്ടം ഒന്നിക്കുന്ന പട്ടാഭിരാമൻ എന്ന ചിത്രം. ജയറാമിനെ പ്രേക്ഷകർ കാണാൻ കൊതിക്കുന്നൊരാ കുടുംബപ്രേക്ഷകരുടെ നായകൻ എന്ന ഒരു ഇമേജിന്റെ തിരിച്ചു വരവിനൊപ്പം ജയറാമിന്റെ സ്വതസിദ്ധമായ നർമമുഹൂർത്ഥങ്ങളും കോർത്തിണക്കിയ ചിത്രം ഒരു പക്ഷേ മലയാളത്തിൽ ഇതേവരെ അത്രയധികം ചർച്ച ചെയ്യപ്പെട്ടിട്ടില്ലാത്ത ഭക്ഷണത്തിലെ മാരകമായ മായം ചേർക്കൽ എന്ന അപകടത്തിലേക്കാണ് വിരൽ ചൂണ്ടുന്നത്. തീർത്തും സാമൂഹിക പ്രാധാന്യം ഉള്ളൊരു വിഷയം പ്രേക്ഷകരിലേക്ക് രസകരമായ സന്ദർഭങ്ങളിലൂടെ എത്തിച്ചിരിക്കുകയാണ് കണ്ണൻ താമരക്കുളം എന്ന സംവിധായകൻ.

Pattabhiraman Malayalam Movie Review

Pattabhiraman Malayalam Movie Review

ഭക്ഷണത്തിൽ മായം ചേർക്കുക എന്ന പ്രവൃത്തിയോട് എന്നും കടുത്ത വിരോധമുള്ള വ്യക്തിയാണ് പട്ടാഭിരാമൻ എന്ന്ന് ഹെൽത്ത്‌ ഇൻസ്‌പെക്ടർ. എതിർപ്പുള്ളത് തുറന്ന് പറയുന്നത് കൊണ്ട് ശത്രുക്കൾ ഏറെയാണ്. അതിനാൽ തന്നെ ഒരിടത്തും സ്ഥിരം നിൽക്കുവാനും അയാൾക്ക് കഴിയുന്നില്ല. ഏറ്റവും സ്ഥലം മാറ്റം കിട്ടി പട്ടാഭിരാമൻ എത്തിയിരിക്കുന്നത് തലസ്ഥാന നഗരിയിലേക്കാണ്. വത്സൻ, ഷുക്കൂർ, സുനി എന്നിങ്ങനെ പൊട്ടിച്ചിരിപ്പിക്കുന്ന സഹപ്രവർത്തകരും തനൂജ, വിനീത എന്നീ സ്ത്രീകളും പട്ടാഭിരാമന്റെ ജീവിതത്തിലേക്ക് കടന്ന് വരുന്നു. ഭക്ഷണത്തിൽ മായം ചേർക്കുന്നതിനോടുള്ള പട്ടാഭിരാമന്റെ കനത്ത എതിർപ്പ് തലസ്ഥാനനഗരിയിലെ പട്ടാഭിരാമന്റെ ജീവിതത്തെ ആകെ മാറ്റുന്നു. ആ മാറ്റങ്ങളെ പട്ടാഭിരാമൻ എങ്ങനെ ഉൾക്കൊള്ളുന്നു, എങ്ങനെ അതിജീവിക്കുന്നു എന്ന കാര്യങ്ങൾ കൂടിയാണ് ചിരിപ്പിച്ചും ചിന്തിപ്പിച്ചും പട്ടാഭിരാമൻ എന്ന ചിത്രത്തിലൂടെ അവതരിപ്പിച്ചിരിക്കുന്നത്.

Pattabhiraman Malayalam Movie Review

Pattabhiraman Malayalam Movie Review

ചുണ്ടിൽ ഒരു ചിരിയോടെ ആസ്വദിക്കാവുന്ന രുചികരമായൊരു വിഭവം പോലെ ആകർഷകമാണ് പട്ടാഭിരാമൻ എന്ന ചിത്രം. സ്വതസിദ്ധമായ രീതിയിൽ പ്രേക്ഷകരെ ചിരിപ്പിക്കാനുള്ള ജയറാമിന്റെ മികവ് വീണ്ടും ദൃശ്യമായ ചിത്രത്തിൽ തിരക്കഥ ആവശ്യപ്പെടുന്ന ഒരു ഗൗരവവും അദ്ദേഹത്തിന്റെ കഥാപാത്രം ആർജ്ജിച്ചെടുക്കുന്നുണ്ട്. പ്രേക്ഷകർ ജയറാം എന്ന നടനെ കാണാൻ കൊതിക്കുന്നതും ഇത്തരം വേഷങ്ങളിലാണ്. ഹരീഷ് കണാരൻ, ധർമജൻ, ബൈജു, പ്രേംകുമാർ, രമേഷ് പിഷാരടി എന്നിവരെല്ലാം ചിരിപ്പിക്കുന്ന കാര്യത്തിൽ മുന്നിട്ട് തന്നെ നിന്നു. ടിവി പേഴ്സണാലിറ്റി തനൂജയായി മിയ തിളങ്ങിയപ്പോൾ വിനീതയായി ജയറാമിനൊപ്പം വീണ്ടും മറ്റൊരു മികച്ച പ്രകടനമാണ് ഷീലു അബ്രഹാം കാഴ്ച്ച വെച്ചത്.

Pattabhiraman Malayalam Movie Review

Pattabhiraman Malayalam Movie Review

പ്രേക്ഷകന്റെ ആസ്വാദനത്തെ ആഹ്ലാദമാക്കുന്ന ഒരുപാട് ചേരുവകൾ ഒത്തിണങ്ങിയ തിരക്കഥ ദിനേശ് പള്ളത്ത് ഒരുക്കിയപ്പോൾ അതിന് മനോഹരമായ കാഴ്ചകൾ പകർന്നേകിയ രവി ചന്ദ്രന്റെ ഛായാഗ്രഹണവും എം ജയചന്ദ്രന്റെ സംഗീതവും പട്ടാഭിരാമനെ സുന്ദരനാക്കുന്നു. രഞ്ജിത് കെ ആറിന്റെ എഡിറ്റിംഗ് ചിത്രത്തെ കൂടുതൽ മിഴിവാർന്നതാക്കി. വലിയൊരു സാമൂഹ്യ വിപത്തിലേക്ക് കൈ ചൂണ്ടുന്ന പട്ടാഭിരാമൻ ചിരിപ്പിക്കുന്നതിനോടൊപ്പം ചിന്തിക്കാനും ഏറെ നൽകുന്നുണ്ട്. മടിക്കാതെ ടിക്കറ്റ് എടുക്കാവുന്ന ചിത്രം.

“Lucifer”
Loading...
Share.

About Author

Comments are closed.