സച്ചി സംവിധാനം ചെയ്ത് പൃഥ്വിരാജ് സുകുമാരൻ ബിജു മേനോൻ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച് സൂപ്പർ ഹിറ്റായി മാറിയ ചിത്രമായിരുന്നു അയ്യപ്പനും കോശിയും. ചിത്രം തെലുങ്കിലേക്ക് റീമേക്ക് ചെയ്യുമ്പോൾ തിരക്കഥ മാറ്റണമെന്നും അതിൽ താൻ മാത്രം നായകനായി മതിയെന്നും നടൻ പവൻ കല്യാൺ വ്യക്തമാക്കി.
ക്ലൈമാക്സ് അടക്കം പൊളിച്ചെഴുതണം എന്ന തീരുമാനവുമായി പവൻ കല്യാൺ മുൻപോട്ട് വന്നു എന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്. ചിത്രത്തിൽ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത് പവൻ കല്യാൺ ആയിരിക്കും എന്നും രണ്ടാമത്തെ കഥാപാത്രത്തിന് പ്രാധാന്യം ഒന്നും ഉണ്ടാകില്ല എന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ. രണ്ട് നായക കഥാപാത്രങ്ങള്‍ എന്ന തിരക്കഥ തിരുത്തി നായകന്, പ്രതിനായകന് എന്ന നിലയിലേക്ക് മാറ്റിയെഴുതണം എന്നാണ് പവന് കല്യാണിന്റെ നിര്‍ദേശം.
ചിത്രത്തിന്റെ തെലുങ്ക് റീമേക്ക് സംവിധാനം ചെയ്യുന്നത് സാഗര്‍ ചന്ദ്ര ആണ്. ത്രിവിക്രം ശ്രീനിവാസ് ആണ് സംഭാഷണങ്ങള്‍ ഒരുക്കുന്നത്. സിത്താര എന്റര്ടെയ്ന്മെന്റ്സിന്റെ ബാനറില്‍ നാഗ വസ്മിയാണ് നിര്‍മ്മാണം.