ഏറെ വിവാദങ്ങൾക്ക് ഒടുവിൽ നാദിർഷ സംവിധാനം ചെയ്ത ചിത്രം ‘ഈശോ’ പ്രേക്ഷകർക്ക് മുമ്പിലേക്ക് എത്തുകയാണ്. ‘ഈശോ’ സിനിമയ്ക്ക് യു സർട്ടിഫിക്കറ്റ് ലഭിച്ച സന്തോഷം കഴിഞ്ഞദിവസം അണിയറപ്രവർത്തകർ ആരാധകരുമായി പങ്കുവെച്ചിരുന്നു. ജയസൂര്യയാണ് ചിത്രത്തിൽ നായകൻ. ആർക്കും ഉപദ്രവമുണ്ടാക്കുന്ന സിനിമയല്ല. സെൻസർ ബോർഡ് ഇത് അരിച്ചു പെറുക്കി നോക്കിയിട്ടും വിവാദമുണ്ടാക്കുന്ന ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ലെന്നും കുടുംബമായി സിനിമ കാണണം എന്നാണ് സിനിമ കണ്ടതിനു ശേഷം സെൻസർ ബോർഡ് പറഞ്ഞതെന്ന് സംവിധായകൻ നാദിർഷ പറഞ്ഞു. റിപ്പോർട്ടർ ടിവിക്ക് നൽകിയ പ്രതികണത്തിലാണ് നാദിർഷ ഇങ്ങനെ പറഞ്ഞത്.
അതേസമയം, നായക കഥാപാത്രത്തിന്റെ പേരാണ് സിനിമയ്ക്ക് നൽകിയത്. സിനിമയ്ക്ക് ഈ പേരിടുമ്പോൾ വിവാദമാകുമെന്ന് വിചാരിച്ചിരുന്നില്ല. നാദിർഷയുടെ ആദ്യ സിനിമയായ ‘അമർ അക്ബർ അന്തോണി’ മുതൽ സംവിധായകൻ നായകരുടെ പേരാണ് സിനിമയ്ക്ക് നൽകുന്നതെന്നും ഈശോ സിനിമയിലും അതാണ് സംഭവിച്ചതെന്നും നിർമാതാവ് അരുൺ നാരായണൻ പറഞ്ഞു.
അതേസമയം, ഈശോ എന്ന പേരിനെ താൻ എതിർത്തിട്ടില്ലെന്നും അതിൽ ‘നോട്ട് ഫ്രം ബൈബിൾ’ എന്നെഴുതിയതാണ് പ്രശ്നമെന്നും പി സി ജോർജ് പറഞ്ഞു. ക്രിസ്മസിന് ചിത്രം റിലീസ് ചെയ്യണമെന്നും താൻ കാണാൻ കാത്തിരിക്കുകയാണെന്നും പിസി ജോർജ് വ്യക്തമാക്കി. ചിത്രത്തിന്റെ ആദ്യ പോസ്റ്ററിൽ ഉണ്ടായിരുന്ന ‘നോട്ട് ഫ്രം ബൈബിൾ’ വിവാദത്തെ തുടർന്ന് രണ്ടാമത്തെ പോസ്റ്ററിൽ നിന്ന് മാറ്റിയിരുന്നു. സിനിമയുടെ ഈശോ എന്ന പേര് മാറ്റണം എന്ന ആവശ്യവുമായി കഴിഞ്ഞ ഓഗസ്റ്റിൽ ചില ക്രിസ്തീയ സംഘടനകൾ രംഗത്തു വന്നിരുന്നു.