ലുഡോ എന്ന അനുരാഗ് ബസു ചിത്രത്തിലൂടെ ബോളിവുഡിൽ അരങ്ങേറ്റത്തിന് ഒരുങ്ങുകയാണ് അവതാരകയും നടിയുമായ പേളി മാണി. ചിത്രത്തിന്റെ ട്രെയ്ലർ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. നവംബർ 12ന് നെറ്റ്ഫ്ലിക്സിലൂടെ റിലീസിന് ഒരുങ്ങുന്ന ചിത്രത്തിന്റെ പേര് സൂചിപ്പിക്കുന്ന പോലെ ഒരു സിറ്റിയിൽ നടക്കുന്ന നാല് കഥകളാണ് ചിത്രത്തിന് ആധാരം. അഭിഷേക് ബച്ചൻ, ആദിത്യ റോയ് കപൂർ, രാജ്കുമാർ റാവു, സന്യ മൽഹോത്ര, ഫാത്തിമ സന ഷെയ്ഖ്, പങ്കജ് ത്രിപാഠി, രോഹിത് ഷറഫ് എന്നിവരോടൊപ്പമാണ് മലയാളിയായ പേർളി മാണിയും അഭിനയിക്കുന്നത്. ഡാർക്ക് കോമഡി ജോണറിൽ പെട്ടൊരു ചിത്രമായിരിക്കും ലുഡോ എന്നാണ് ട്രെയ്ലർ നൽകുന്ന സൂചന. സംവിധായകൻ അനുരാഗ് ബസുവിനൊപ്പം ഭൂഷൺ കുമാർ, ദിവ്യ ഖോസ്ല കുമാർ, തനി സോമാരിറ്റ ബസു, കൃഷ്ണൻ കുമാർ എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ നിർമാണം. തന്റെ ബോളിവുഡ് അരങ്ങേറ്റത്തെ കുറിച്ച് മനസ്സ് തുറക്കുകയാണ് പേളി മാണി.
ലുഡോ.. അപ്രതീക്ഷിതമായി സംഭവിച്ച ഒരു യാത്രയാണത്. ഇത്തരമൊരു വലിയ പ്രോജക്ടിന്റെ ഭാഗമായത് ഒരേപോലെ ആവേശവും മനോഹരമായൊരു അനുഭവവും കൂടിയാണ്. ഒരു പുതിയ ഇൻഡസ്ട്രി, പുതിയ ഭാഷ, പുതിയ സംസ്കാരം.. പക്ഷേ അതെല്ലാം എനിക്ക് എന്റെ സ്വന്തം നാടും വീടും പോലെ തന്നെയുള്ള ഫീലാണ് നൽകിയത്. ഇപ്പോൾ ക്രൂവിലെ പകുതി പേരും മലയാളം സംസാരിക്കുവാൻ തുടങ്ങി..! അനുരാഗ് ബസുവിന്റെ ചിത്രത്തിൽ അഭിനയിക്കുക എന്നത് ഓരോ അഭിനേതാവിന്റെയും സ്വപ്നമാണ്. ആ കാര്യത്തിൽ ഞാൻ ഭാഗ്യവതിയാണ്. അദ്ദേഹം തീർച്ചയായും ഒരു ജീനിയസാണ്. അദ്ദേഹത്തോടൊപ്പം വർക്ക് ചെയ്യുന്നതും രസകരമാണ്. ഓരോ ദിവസവും അഭിനയത്തെ കുറിച്ച് ഞാൻ പുതിയ പാഠങ്ങൾ പടിച്ചു. സിനിമയിൽ എന്റെ ഭാഗത്ത് നിന്നും എന്തെങ്കിലും മികച്ചത് സംഭവിച്ചിട്ടുണ്ടെങ്കിൽ അത് അദ്ദേഹത്തിന്റെ കഴിവാണ്. ആദ്യം ഫീൽ ചെയ്യൂ.. പിന്നെ എല്ലാം മുഖത്ത് തനിയെ വന്നോളും എന്നാണ് അദ്ദേഹം പറഞ്ഞത്.