മോഹൻലാൽ അവതാരകനായി ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്ത ബിഗ് ബോസ് സീസൺ വണ്ണിലൂടെ പരിചയപ്പെട്ട് പിന്നീട് ആ സൗഹൃദം വിവാഹത്തിലേക്ക് എത്തിയ രണ്ട് വ്യക്തികളാണ് പേളി മാണിയും ശ്രീനിഷ് അരവിന്ദും. ടെലിവിഷൻ അവതാരകയും നടിയുമായ പേളി മാണിയും ശ്രീനിഷും വിവാഹം കഴിച്ചിട്ട് ഒരു വർഷം തികഞ്ഞു.
റിയാലിറ്റി ഷോ സെറ്റിൽ വെച്ച് പരസ്പരം പ്രണയം തുറന്നു പറഞ്ഞ ഇരുവരുടെയും വിവാഹം കേരളക്കര ഒന്നാകെ ഉറ്റുനോക്കിയ ചടങ്ങ് ആയിരുന്നു. റിയാലിറ്റി ഷോയ്ക്ക് വേണ്ടി വെറും ഒരു ഗെയിം കളിക്കുകയാണോ എന്നുവരെ ആരാധകർ സംശയിച്ചിരുന്നു. എന്നാൽ മതത്തിന്റെ വേലിക്കെട്ടുകൾ തകർത്തെറിഞ്ഞ് ഇരുവരും വിവാഹിതരായി. 2019 ജനുവരിയിൽ വിവാഹനിശ്ചയവും 2019 മെയ് 5, 8 തീയതികളിലായി ഹിന്ദു ക്രിസ്ത്യൻ ആചാരപ്രകാരമുള്ള വിവാഹങ്ങളും ഇവർ നടത്തി. ആരാധകരുമായി എപ്പോഴും തങ്ങളുടെ വിശേഷങ്ങൾ പങ്കു വയ്ക്കുവാൻ ശ്രമിക്കുന്ന താരങ്ങളാണ് ഇരുവരും.
പേളി മാണി ഗർഭിണിയായി എന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ച വീഡിയോയിൽ ആണ് പേളിമാണി ഈ സന്തോഷവാർത്ത ആരാധകരെ അറിയിച്ചത്. കുഞ്ഞ് വയർ കാണിച്ചു കൊണ്ടുള്ള ഒരു സെൽഫി പോസ്റ്റ് ആയിരുന്നു പേളി മാണി ഇട്ടത്. ‘ഇന്ന് ദൈവാനുഗ്രഹം നിറഞ്ഞൊരു കാര്യം ശ്രീനിഷിലൂടെ എന്റെയുള്ളില്‍ വളരുന്നു. ശ്രീനിഷ് നിന്നെ ഞാന്‍ സ്നേഹിക്കുന്നു’ എന്നായിരുന്നു വീഡിയോയ്ക്ക് പേളി ക്യാപ്ഷനിട്ടിരിക്കുന്നത്. ഇതിനു താഴെ ഗോവിന്ദ് പത്മസൂര്യ, പ്രിയ പി വാര്യര്‍, ശില്പ ബാല, നീരവ്, സന മൊയ്തൂട്ടി തുടങ്ങിയ താരങ്ങളെല്ലാവരും ആശംസകള്‍ അറിയിച്ച് കമന്റുകളുമായി എത്തിയിരുന്നു. പേളിക്ക് ആഗ്രഹം ഉള്ളതെല്ലാം ഇപ്പോൾ ശ്രീനിഷ് ചെയ്തുകൊടുക്കുകയാണ്. പേളിക്ക് സൺസെറ്റ് കാണണമെന്ന് ആഗ്രഹം പറഞ്ഞതായി സൂചിപ്പിച്ചുകൊണ്ട് സൺസെറ്റ് കാണുന്ന വീഡിയോ ശ്രീനിഷ് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരുന്നു.