വ്യത്യസ്തതയാർന്ന ചിത്രങ്ങളിലൂടെ പ്രേക്ഷക ഹൃദയം കീഴടക്കിയ സംവിധായകനാണ് ലിജോ ജോസ് പെല്ലിശ്ശേരി. ജെല്ലിക്കെട്ടിന് ശേഷം അദ്ദേഹം സംവിധാനം ചെയ്യുന്ന പുതിയ ചിത്രം എത്തുകയാണ്. ഡിസ്കോ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. ചിത്രം ലാസ് വേഗാസിലായിരിക്കും ചിത്രീകരിക്കുക. എസ് ഹരീഷ് തിരക്കഥ രചിക്കുന്ന ചിത്രത്തിന്റെ ഷൂട്ട് ആഗസ്റ്റിൽ ആരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ. ഇന്ദ്രജിത്ത്, ചെമ്പൻ വിനോദ് ജോസ്, മുകേഷ് എന്നിവരും നിരവധി ഹോളിവുഡ് താരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് യു എസിലെ നേവദയിൽ വർഷം തോറും നടക്കാറുള്ള ‘ബേർണിംഗ് മാൻ’ എന്ന സാംസ്കാരികമേളയാണ് ചിത്രത്തിന്റെ പ്രമേയം എന്നാണ്.
ഇന്ദ്രജിത്തിനെ നായകനാക്കി ലിജോ ജോസ് പെല്ലിശ്ശേരി എട്ടുവർഷം മുമ്പ് തീരുമാനിച്ച ഒരു ചിത്രമായിരുന്നു ഇത്. പല കാരണങ്ങളാൽ അത് നടന്നില്ലെങ്കിലും നായകൻ, സിറ്റി ഓഫ് ഗോഡ്, ആമേൻ, ഡബിൾ ബാരൽ എന്നീ ചിത്രങ്ങൾക്കു ശേഷം ഇന്ദ്രജിത്തും ലിജോയും ഒന്നിക്കുന്ന ചിത്രമായിരിക്കുമിത്. ജോജു ജോർജ്, സൗബിൻ ഷാഹിർ, വിനയ് ഫോർട്ട്, ദിലീഷ് പോത്തൻ, ചെമ്പൻ വിനോദ് എന്നിവർ അഭിനയിക്കുന്ന ചുഴലി എന്ന ചിത്രത്തിന്റെ തിരക്കുകളിൽ ആയ ലിജോ അതിനു ശേഷമായിരിക്കും ഈ ചിത്രം ആരംഭിക്കുക.