സാൾട്ട് ബേ എന്ന പേരിൽ അറിയപ്പെടുന്ന ടർക്കിഷ് ഷെഫ് നുസ്രത്ത് ഗോക്ചെയുടെ പാചകരീതികളും ശൈലിയും സാമൂഹ്യമാധ്യമങ്ങളിൽ വൈറലാണ്. എന്നാൽ, പലപ്പോഴായി അദ്ദേഹത്തിന്റെ റസ്റ്റോറന്റിൽ നിന്ന് ഭക്ഷണം കഴിച്ചിട്ടുള്ളവരുടെ ബില്ലുകൾ സാമൂഹ്യമാധ്യമങ്ങളിൽ ചർച്ചയായിട്ടുണ്ട്. അവസാനമായി ലണ്ടനിലെ അദ്ദേഹത്തിന്റെ റസ്റ്റോറന്റിൽ നിന്ന് ഭക്ഷണം കഴിച്ചവർ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ബിൽ ആണ് ചർച്ചയായിരിക്കുന്നത്. ഒന്നും രണ്ടുമല്ല 1812 പൗണ്ട് ആണ് ഭക്ഷണത്തിന് ഈടാക്കിയിരിക്കുന്നത്. ഏകദേശം രണ്ടു ലക്ഷം രൂപയ്ക്ക് അടുത്ത്. ഭക്ഷണം കഴിച്ച യുവാവ് തനിക്ക് ലഭിച്ച ഞെട്ടിക്കുന്ന ബിൽ ട്വീറ്റ് ചെയ്തതോടെയാണ് സാൾട്ട് ബേയും അദ്ദേഹത്തിന്റെ റസ്റ്റോറന്റും വീണ്ടും ചർച്ചയാകുന്നത്.
ഒരു കൊക്കകോളയ്ക്ക് ഈടാക്കിയത് 900 രൂപ. സ്റ്റീക്കിന് 63,000 രൂപ ഈടാക്കിയപ്പോൾ ഗോൾഡൻ ബർഗറിന് പതിനായിരം രൂപയും നുസ്രത് സാലഡിന് 2000 രൂപയും പ്രോൺസ് റോളിന് 6000 രൂപയും ഈടാക്കി. റെഡ് ബുളിന് 4000 രൂപയാണ് ബില്ലിട്ടത്. ടർക്കിഷ് ചായയ്ക്ക് പണമൊന്നും ഈടാക്കാതിരുന്ന നുസ്രതിന്റെ മഹാമനസും നമ്മൾ കാണണം. ഏതായാലും ഇതിനെ വിമർശിച്ചും പരിഹസിച്ചും നിരവധി പേരാണ് രംഗത്ത് എത്തിയിരിക്കുന്നത്. ലണ്ടനിലെ ഈ റസ്റ്റോറന്റിൽ വന്ന് ഭക്ഷണം കഴിക്കുന്നതിലും ലാഭം വിമാനം പിടിച്ച് തുർക്കിയിൽ എത്തി അവിടുത്തെ സാൾട്ട് ബേ റസ്റ്റോറന്റിൽ പോയി ഭക്ഷണം കഴിക്കുന്നതാണെന്നും ഇയാൾ ബിൽ പങ്കുവെച്ചു കൊണ്ട് ട്വീറ്റ് ചെയ്തു.
It’s cheaper to fly and have food at Salt Bae’s Turkish restaurant than to go to the London one. £9 for coke. £630 for Tomahawk steak. No thank you. pic.twitter.com/PufkwKzthM
— Muttaqi متق 🏴🇵🇸 (@Omnimojo) September 27, 2021
സാമാന്യബോധത്തേക്കാൾ പണമാണ് അവിടെ കൂടുതൽ എന്നായിരുന്നു ഈ ട്വീറ്റിന് മറുപടിയായി ഒരാൾ കുറിച്ചത്. അതേസമയം, റസ്റ്റോറന്റിന്റെ പേര് ‘റോബിൻഹുഡ്’ എന്നാക്കി മാറ്റണമെന്ന് ട്വീറ്റിന് മറുപടിയായി ഒരാൾ കുറിച്ചു. സർവീസ് ചാർജ് ആയി മാത്രം ഈ റസ്റ്റോറന്റ് 24,000 ത്തിനടുത്ത് രൂപയാണ് ഈടാക്കിയത്. ഏതായാലും സാമാന്യബോധം തീരെയില്ലാത്ത പരിപാടിയാണ് ഇതെന്നാണ് മിക്ക ആളുകളും ട്വീറ്റിന് മറുപടിയായി കുറിച്ചത്. നേരത്തെ തന്നെ സാൾട്ട് ബേ റസ്റ്റോറന്റ് ഭീകരബില്ലിന്റെ കാര്യത്തിൽ കുപ്രസിദ്ധമാണ്.