ഇന്ന് ലോകമെമ്പാടുമുള്ളവർക്ക് യാത്രകൾക്ക് ഏറെ സഹായകരമാണ് ഗൂഗിൾ മാപ്പ്. അമേരിക്കൻ വനിതയായ കാരൻ ജേക്കബ്സനാണ് അതിൽ വോയിസ് പകരുന്നത്. ഇന്ത്യക്കാർക്ക് ഗൂഗിൾ മാപ്പ് കൂടുതൽ പ്രിയങ്കരമാക്കുവാൻ പുതിയ ഫീച്ചേഴ്സ് ഗൂഗിൾ മാപ്പ് ഇപ്പോൾ മുന്നോട്ട് വെച്ചിട്ടുണ്ട്. ഗൂഗിൾ മാപ്പിൽ ലഭിക്കാത്ത അഡ്രസുകൾ പുതിയതായി കൂട്ടിച്ചേർക്കാം എന്നതാണ് ഒരു പുതിയ ഫീച്ചർ. ഹിന്ദി കൂടാതെ ആറ് ഇന്ത്യൻ ഭാഷകളിലും ഗൂഗിൾ മാപ്പ് വോയ്സ് ഇനി ലഭ്യമാകുവാൻ പോവുകയാണ്. ഹിന്ദിയിൽ മൂന്ന് വർഷം മുൻപേ ഈ സൗകര്യം ഏർപ്പെടുത്തിയിരുന്നു. ബംഗാളി, ഗുജറാത്തി, കന്നഡ, മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലാണ് ഇനി ഗൂഗിൾ വോയിസ് മാപ്പ് സൗകര്യം ലഭ്യമാകുവാൻ പോകുന്നത്.
ഹിന്ദിയിലെ ശബ്ദം പകരുവാനായി അമിതാഭ് ബച്ചനെ അധികാരികൾ സമീപിച്ചുവെന്നാണ് അറിയുവാൻ കഴിയുന്നത്. അതിനിടയിൽ മലയാളത്തിൽ ഗൂഗിൾ മാപ്പിന് ശബ്ദം പകരുവാൻ നടൻ ലാലിന്റെ ശബ്ദം ഉപയോഗിക്കണമെന്ന പെറ്റീഷനുമായി മലയാളികൾ എത്തിയിരിക്കുകയാണ്. വേറിട്ട ശബ്ദം കൊണ്ട് ശ്രദ്ധേയനാണ് നടനും സംവിധായകനുമായ ലാൽ. ആരോ രസകരമായി നടത്തിയിരിക്കുന്ന പെറ്റീഷനിൽ നിരവധി പേരും ഒത്തു ചേർന്നിട്ടുണ്ട്.