സംവിധായകനും ഫോട്ടോഗ്രാഫറുമായ അനീഷ് ഉപാസന പങ്കു വെച്ച ലാലേട്ടന്റെ മുപ്പത് സെക്കൻഡുള്ള സ്റ്റൈലിഷ് ഫോട്ടോഷൂട്ട് വീഡിയോ നിമിഷനേരം കൊണ്ടാണ് വൈറലായി തീർന്നത്. മോഹൻലാൽ – പൃഥ്വിരാജ് – മുരളി ഗോപി കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ലൂസിഫറിന്റെ തുടർച്ചയായ എമ്പുരാന് വേണ്ടിയുള്ള ലാലേട്ടന്റെ ലുക്ക് ടെസ്റ്റാണ് ഇതെന്നാണ് ആരാധകർ പറയുന്നത്. ലാലേട്ടന്റെ ഫോട്ടോഷൂട്ട് നടത്തിയ അനീഷ് ഉപാസന മനസ്സ് തുറക്കുന്നു. സ്റ്റൈലിസ്റ്റ് ജിഷാദ് ഷംസുദ്ധീനോടൊപ്പം ചേർന്നാണ് ഷൂട്ട് നടത്തിയത്.
ആ വീഡിയോക്ക് ഇങ്ങനെ ഒരു പ്രതികരണം ഞങ്ങൾ പ്രതീക്ഷിച്ചിരുന്നില്ല. പല ബ്രാൻഡുകൾക്ക് വേണ്ടിയും ഞങ്ങൾ സാധാരണ ലാലേട്ടന്റെ ഫോട്ടോഷൂട്ട് നടത്താറുണ്ട്. കവിടി കാരണം പൊതു ഉത്ഘാടന പരിപാടികൾ ഒന്നും തന്നെ ഇല്ലാത്തതിനാൽ ബ്രാൻഡുകൾ ഇപ്പോൾ ഫോട്ടോകളാണ് ചോദിക്കുന്നത്. അല്ലെങ്കിൽ ഏതെങ്കിലും സിനിമയിൽ നിന്നുമുള്ള സ്റ്റിൽസ് അവർ ഉപയോഗിക്കും. ഈ ഫോട്ടോഷൂട്ട് അതിന് വേണ്ടി തീരുമാനിച്ചിരുന്നതാണ്.
കഴിഞ്ഞ പതിനഞ്ച് വർഷത്തോളമായി ഞാൻ ലാലേട്ടന്റെ കൂടെ ഷൂട്ട് നടത്തുന്നുണ്ട്. ഈ സീരീസാണ് അതിൽ അതിൽ എല്ലാത്തിലും വെച്ച് എനിക്ക് ഏറ്റവും പ്രിയപ്പെട്ടത്. ഷൂട്ടിന്റെ സമയത്തുള്ള ലാലേട്ടന്റെ എനർജി പറഞ്ഞറിയിക്കുവാൻ സാധിക്കുന്നതിലും അപ്പുറമാണ്. ഈ ഷൂട്ടിന് വേണ്ടി മാത്രമാണ് ലാലേട്ടൻ തൊടുപുഴയിൽ ദൃശ്യം 2 ലൊക്കേഷനിൽ നിന്നും കൊച്ചിയിലെത്തിയത്. സാധാരണ എനിക്ക് ഫോട്ടോഷൂട്ടിന് വേണ്ടി അഞ്ച് പേരാണ് സഹായികൾ ഉണ്ടായിരുന്നത്. എന്നാൽ ഇപ്പോൾ രണ്ടു പേരെ ഉണ്ടായിരുന്നുള്ളു. കുറച്ച് ആളുകളെ കൊണ്ട് കൂടുതൽ പ്രയത്നം എന്നതായിരുന്നു ഞങ്ങളുടെ നയം. വൈകിട്ടായപ്പോഴേക്കും ഞങ്ങൾ തളർന്നു. ലാൽ സാറിന്റെ വേറിട്ട സ്റ്റൈലുകളിലുള്ള കൂടുതൽ ഷൂട്ടുകൾ പിന്നാലെ വരുന്നുണ്ട്.ലാലേട്ടന് ഒരു സ്റ്റൈലിഷ് ലുക്ക് കൊടുക്കുവാനാണ് ഞങ്ങൾ ശ്രമിച്ചത്. ഈ ഒരു ലുക്കിൽ അദ്ദേഹത്തെ പ്രേക്ഷകർ ചിലപ്പോൾ കണ്ടിട്ടുണ്ടാകില്ല. വണ്ണം കുറച്ച് ചെറുപ്പം വീണ്ടെടുത്തിട്ടുണ്ട് അദ്ദേഹമിപ്പോൾ. ഏകദേശം പതിനഞ്ചോളം കോസ്റ്റ്യൂംസാണ് ലാലേട്ടന് നൽകിയത്. ഹോളിവുഡ് സ്റ്റാർസിന്റെ ലുക്കിലും ബ്ലാക്ക് & വൈറ്റ് ചിത്രങ്ങളും അതിലുണ്ട്. വ്യക്തിപരമായ ആവശ്യങ്ങൾക്ക് വേണ്ടിയാണ് ഫോട്ടോഷൂട്ട് നടത്തിയത്. അതുകൊണ്ട് തന്നെ ഫോട്ടോസ് എഡിറ്റ് ചെയ്യുവാൻ ഞങ്ങൾ കൂടുതൽ സമയം എടുക്കും. കുറച്ച് ഫോട്ടോസ് സോഷ്യൽ മീഡിയയിൽ പങ്ക് വെക്കുവാൻ പറഞ്ഞത് ലാൽ സാറാണ്. അത് ഞങ്ങൾ ഉടനെ ചെയ്യുന്നതാണ്. ഒരു മേക്കിങ് വീഡിയോയും പുറത്തിറക്കുവാൻ പദ്ധതിയുണ്ട്. അത് ലാൽ സാറിന്റെ പേജിലൂടെ പുറത്തിറക്കും.