നീണ്ട ഇടവേളയ്ക്ക് ശേഷം മമ്മൂട്ടിയും നദിയ മൊയ്ദുവും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് ഭീഷ്മപര്‍വ്വം. 2011ല്‍ പുറത്തിറങ്ങിയ ഡബിള്‍സാണ് ഇരുവരും ഒന്നിച്ചഭിനയിച്ച അവസാന ചിത്രം. ഇപ്പോഴിതാ മമ്മൂട്ടിയുടേയും നദിയ മൊയ്ദുവിന്റേയും ഒരു ചിത്രം ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്. ഭീഷ്മപര്‍വ്വത്തിന്റെ പ്രൊമോഷന്റെ ഭാഗമായി ഇരുവരും ഒന്നിച്ചെത്തിയ ചിത്രമാണ് വൈറലായിരിക്കുന്നത്.
1985 ല്‍ പുറത്തിറങ്ങിയ ഒന്നിങ്ങു വന്നെങ്കില്‍ എന്ന ചിത്രത്തിലെ മമ്മൂട്ടിയുടേയും നദിയയുടേയും ഒരു സ്റ്റില്ലും പ്രസ് മീറ്റിലെ ഇരുവരുടേയും സ്റ്റില്ലും ചേര്‍ത്തുവച്ചുള്ള ചിത്രമാണ് വൈറലായിരിക്കുന്നത്. ’37 വര്‍ഷങ്ങള്‍, അന്നും ഇന്നും എന്നാണ് ഇതിന് നല്‍കിയിരിക്കുന്ന ക്യാപ്ഷന്‍. സോഷ്യല്‍ മീഡിയയിലെ സിനിമാ പേജുകളിലൂടെ പങ്കുവച്ച ചിത്രം നിരവധി പേരാണ് ഷെയര്‍ ചെയ്തത്.
മാര്‍ച്ച് മൂന്നിനാണ് ‘ഭീഷ്മപര്‍വ്വം തിയേറ്ററുകളിലേക്കെത്തുന്നത്. ബിഗ്ബിക്ക് ശേഷം മമ്മൂട്ടിയും അമല്‍ നീരദും ഒന്നിക്കുന്ന ചിത്രമാണ് ഭീഷ്മപര്‍വ്വം. ചിത്രത്തില്‍ മൈക്കിള്‍ എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. ഫാത്തിമ എന്ന കഥാപാത്രമായാണ് നദിയ എത്തുന്നത്. മമ്മൂട്ടിക്കും നദിയ മൊയ്തുവിനും പുറമെ സൗബിന് ഷാഹിര്‍, ഷൈന്‍ ടോം ചാക്കോ, ഫര്ഹാന് ഫാസില്‍, ശ്രീനാഥ് ഭാസി, ദിലീഷ് പോത്തന്, അബു സലിം, ലെന, ശ്രിന്ദ, വീണ നന്ദകുമാര്‍, ഹരീഷ് പേരടി, മാല പാര്‍വതി, നെടുമുടി വേണു, കെപിഎസി ലളിത തുടങ്ങി വന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്.