സ്ഫടികത്തിലെ തൊരപ്പന് ബാസ്റ്റിന് ശേഷം ജോജി എന്ന ഹിറ്റ് ചിത്രത്തിലൂടെ ഉജ്ജ്വലമായ തിരിച്ചു വരവ് നടത്തിയിരിക്കുകയാണ് പനച്ചേല്‍ കുട്ടപ്പനെന്ന കഥാപാത്രത്തെ ഉജ്ജ്വലമാക്കിയ പി.എന്‍ സണ്ണി. പനച്ചേല്‍ കുട്ടപ്പനെ പോലെ തനിക്കും മൂന്നു മക്കളാണെന്നും പനച്ചേല്‍ കുട്ടപ്പനായി ഞാന്‍ അഭിനയിച്ചില്ലെന്നാണ് മക്കള്‍ പറയുന്നതെന്നും പി.എന്‍ സണ്ണി പറയുന്നത്. ഞാന്‍ അഭിനയിച്ചിട്ടില്ലെന്നാണ് അവര്‍ പറയുന്നത്. അവരെ വഴക്കു പറയുന്നതു പോലെയാണ് പനച്ചേല്‍ കുട്ടപ്പനെ കണ്ടപ്പോള്‍ അവര്‍ക്ക് തോന്നിയതെന്നും പറഞ്ഞു.
സിനിമയിലേക്ക് തന്നെ തിരികെ കൊണ്ടുവന്നതിന് ശ്യാം പുഷ്കരനും ദിലീഷ് പോത്തനുമാണ് സണ്ണി നന്ദി പറയുന്നത്. ഇനി സിനിമയില്‍ അഭിനയിക്കാന്‍ കഴിയുമെന്ന് ഒട്ടും വിചാരിക്കാത്ത സമയത്താണ് അവര്‍ തന്നെ വിളിക്കുന്നതെന്നും സണ്ണി പറയുന്നു.
ജോജി കഴിഞ്ഞു പുതിയ സിനിമകളില്‍ നിന്ന് വിളി ഇതുവരെ വന്നില്ല. എന്നാല്‍ ഞങ്ങളുടെ സിനിമകള്‍ ഇഷ്ടം പോലെയുണ്ടെന്നും ചേട്ടന് റെഡിയായിരിക്കണമെന്നുമാണ് ദിലീഷ് പോത്തന് പറഞ്ഞിട്ടുള്ളതെന്നും പി.എന്‍ സണ്ണി പറയുന്നു.
സ്ഫടികത്തിലെ തൊരപ്പന് ബാസ്റ്റിന് എന്ന കഥാപാത്രം ശ്രദ്ധിക്കപ്പെട്ടെങ്കിലും താന്‍ അധികം സിനിമകളിലൊന്നു തുടര്‍ന്ന് അഭിനയിച്ചില്ലെന്നും പൊലീസ് ജോലി വിടാനുള്ള മടിയായിരുന്നു അതിന് കാരണമെന്നും സണ്ണി പറയുന്നു. പിന്നെ ചാന്‍സ് ചോദിച്ച് പോകാനും സാധിച്ചില്ലെന്നും സണ്ണി പറയുന്നു.
‘തൊരപ്പന് ബാസ്റ്റിന് ശേഷം നല്ല കഥാപാത്രങ്ങള്‍ എന്നെ തേടി വരുമെന്ന് പ്രതീക്ഷിച്ചിരുന്നു. അന്ന് വീട്ടില്‍ ഫോണുണ്ടായിരുന്നില്ല. എന്നെ വിളിച്ചു കിട്ടണമെങ്കില്‍ പൊലീസ് സ്റ്റേഷനിലെ ഫോണ്‍ മാത്രമായിരുന്നു വഴി. അതിനാല്‍ തന്നെ പല സിനിമാക്കാരും ബന്ധപ്പെട്ടത് പൊലീസ് സ്റ്റേഷനിലേക്കായിരുന്നു.
പക്ഷേ പലപ്പോഴും അവര്‍ ബന്ധപ്പെടുമ്പോള്‍ ഞാന്‍ അവിടെ ഉണ്ടായിരുന്നില്ല. സ്റ്റേഷനിലെ തിരക്കുകള്‍ കാരണം എന്റെ സഹപ്രവര്‍ത്തകര്‍ സിനിമാക്കാര് വിളിച്ച വിവരം പറയാന്‍ വിട്ടുപോകുകയും ചെയ്തു. അങ്ങനെ കുറച്ചവസരങ്ങള് എനിക്ക് നഷ്ടപ്പെട്ടു. ഭദ്രന് സാറിന്റെ ‘യുവതുര്‍ക്കി’യില്‍ ഒരു കഥാപാത്രം പറഞ്ഞുവെങ്കിലും സിനിമ മുഴുവനായി എഴുതിവന്നപ്പോള്‍ ആ കഥാപാത്രം ഇല്ലാതായി. പിന്നെ എനിക്കും സിനിമയോട് താത്പര്യം കുറഞ്ഞെന്നും സണ്ണി പറയുന്നു.