മലയാള സിനിമയുടെ അഭിനയ കുലപതി മമ്മൂട്ടി ഇന്ന് അദ്ദേഹത്തിന്റെ എഴുപതാം ജന്മദിനം ആഘോഷിക്കുകയാണ്. സിനിമക്കകത്തും പുറത്തും നിന്നുമുള്ള നിരവധി പേരാണ് പ്രിയപ്പെട്ട മമ്മൂക്കക്ക് ജന്മദിനാശംസകൾ നേർന്നിരിക്കുന്നത്. ആയുരാരോഗ്യ സൗഭാഗ്യത്തോടെ ഇനിയും ഏറെ നാൾ അഭിനയം കൊണ്ട് അമ്പരിപ്പിച്ചുക്കൊണ്ടിരിക്കട്ടെ എന്നാണ് ഏവരുടെയും പ്രാർത്ഥനകൾ. ഇതിനിടെ മമ്മൂക്കയെ ഒരുനോക്ക് കാണുവാനും ആശംസകൾ അറിയിക്കുവാനും പെൺകുട്ടികൾ അടക്കമുള്ള നിരവധി ആരാധകരാണ് ഇന്നലെ രാത്രി പന്ത്രണ്ട് മണിയോട് കൂടി മമ്മൂക്കയുടെ വസതിക്ക് മുൻപിൽ തടിച്ചുകൂടിയത്. കനത്ത മഴയെ പോലും അവഗണിച്ച് കേരളത്തിന്റെ വിവിധ ഇടങ്ങളിൽ നിന്നുമാണ് ആരാധകർ എത്തിയത്. ഈ കോവിഡ് കാലത്തും ഇങ്ങനെ ഒത്തുചേർന്നപ്പോൾ പോലീസ് വന്നാണ് അവരെ പിരിച്ചുവിട്ടത്.
കടത്തുകാരനായി കടന്നുവന്ന് മലയാള സിനിമയെ തന്നെ തന്റെ തോളിലേറ്റിയുള്ള മമ്മൂക്കയുടെ യാത്രയിൽ മലയാളികൾ ദർശിച്ചത് പൗരുഷത്തിന്റെയും ഒരു ഏട്ടന്റെ വാത്സല്യത്തിന്റെയും കാർക്കശ്യത്തിന്റെയും അഭിനയ നിമിഷങ്ങൾ മാത്രമല്ല, മറിച്ച് ചിരിക്കുവാൻ ഇഷ്ടപ്പെടുന്ന, ചിരിപ്പിക്കുന്ന കരുണയും വാത്സല്യവും നിറഞ്ഞ ഒരു നല്ല മനസ്സിന്റെ ഉടമയെക്കൂടിയാണ്. കോട്ടയം ജില്ലയിലെ വൈക്കത്തിനടുത്തുള്ള ചെമ്പ് എന്ന കൊച്ചുഗ്രാമത്തിൽ നിന്നും ഇന്ന് മലയാളസിനിമയുടെ വജ്രമായി വളർന്ന മമ്മൂട്ടി തന്റെ അഭിനയമോഹം കലാലയ ജീവിതകാലത്ത് തന്നെ ഊട്ടിയുറപ്പിച്ചയാളാണ്. അനുഭവങ്ങൾ പാളിച്ചകൾ എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച മമ്മൂക്ക ആദ്യമായി നായകനായത് എം ടി വാസുദേവൻ നായരുടെ ചിത്രത്തിൽ ആണെന്നതും ഒരു നിയോഗം തന്നെയാണ്. ആ ചിത്രം എന്തോ കാരണത്താൽ നടക്കാതെ പോയി. മേളയിലൂടെയാണ് ആദ്യമായി നല്ലൊരു വേഷം പിന്നീട് അദ്ദേഹത്തെ തേടിയെത്തുന്നത്. ഇന്ന് 400ലധികം ചിത്രങ്ങളിൽ അഭിനയിച്ചു കഴിഞ്ഞ അദ്ദേഹത്തെ തിരശീലയിൽ കാണുന്നത് പോലും മലയാളിക്ക് ഏറെ ആവേശവും സന്തോഷവുമാണ് പകരുന്നത്.
ഇന്ന് കാണുന്ന മമ്മൂട്ടി എന്ന സൂപ്പർസ്റ്റാറിലേക്കുള്ള മമ്മൂട്ടിയുടെ യാത്രക്ക് തുടക്കം കുറിക്കുന്നത് ന്യൂഡൽഹി എന്ന ചിത്രത്തിന്റെ വമ്പൻ വിജയമാണ്. കുടുംബചിത്രങ്ങളിലും മറ്റുമായി ഒതുങ്ങിയിരുന്ന അദ്ദേഹത്തിന് ആ ചിത്രം മറ്റൊരു ഇമേജാണ് സമ്മാനിച്ചത്. പിന്നീട് മലയാളി കണ്ടത് ബൽറാം പോലെയുള്ള രൗദ്രം നിറഞ്ഞ പോലീസ് വേഷങ്ങളും താരാദാസ് പോലെയുള്ള അധോലോക നേതാക്കന്മാരെയുമാണ്. മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും കന്നഡയിലും ഹിന്ദിയിലും അഭിനയിച്ച മമ്മൂക്ക ഡോക്ടർ ബാബാസാഹേബ് അംബേദ്കറിലൂടെ ഇന്ത്യൻ ഇംഗ്ലീഷ് ചിത്രത്തിന്റെയും ഭാഗമായി. മൂന്ന് വട്ടം മികച്ച നടനുള്ള ദേശീയ അവാർഡും ഏഴ് വട്ടം കേരള സംസ്ഥാന അവാർഡും പതിമൂന്ന് വട്ടം ഫിലിംഫെയർ അവാർഡും കരസ്ഥമാക്കിയിട്ടുണ്ട്. രാജ്യം പദ്മശ്രീ നൽകി ആദരിച്ച മമ്മൂക്ക സിനിമാജീവിതത്തിന് അപ്പുറം കാരുണ്യപ്രവർത്തികളിലൂടെയും ഏവർക്കും പരിചിതനാണ്.
മമ്മൂക്ക അഭിനയിച്ച ചിത്രങ്ങളുടെ ലിസ്റ്റ് എടുത്താൽ ഒന്നിനൊന്ന് വ്യത്യസ്ഥമായ ചലച്ചിത്രങ്ങൾ കാണാമെന്നതാണ് അദ്ദേഹത്തിന്റെ ഏറ്റവും വലിയ സവിശേഷത. വാത്സല്യം, വേഷം, രാപ്പകൽ പോലെയുള്ള കുടുംബചിത്രങ്ങളിൽ നന്മ നിറഞ്ഞ കഥാപാത്രങ്ങളായി എത്തുമ്പോഴും ആവനാഴി, രൗദ്രം പോലെയുള്ള ചിത്രങ്ങളിൽ പൗരുഷം നിറഞ്ഞ പോലീസുകാരനായും മലയാളികൾ അദ്ദേഹത്തെ കണ്ടു. ഒരു വടക്കൻ വീരഗാഥ, കേരളവർമ പഴശ്ശിരാജ, മാമാങ്കം തുടങ്ങിയ ചിത്രങ്ങളിലൂടെ ചരിത്രവേഷങ്ങളിൽ തന്നെക്കാൾ മികച്ചൊരു നടനില്ലെന്ന് അദ്ദേഹം അഭിനയിച്ചു തെളിയിച്ചു. പൗരുഷത്തിന്റെ ആൾരൂപമായി നിലക്കൊള്ളുമ്പോഴും കോട്ടയം കുഞ്ഞച്ചൻ, രാജമാണിക്യം, മായാവി പോലെയുള്ള ചിത്രങ്ങളിലൂടെ കോമഡിയും തനിക്ക് വഴങ്ങുമെന്ന് മമ്മൂക്ക തെളിയിച്ചു. സിബിഐ സീരീസിലൂടെ കുറ്റാന്വേഷണ ചിത്രങ്ങളിലും പ്രാഗത്ഭ്യം തെളിയിച്ച മമ്മൂക്ക സാമ്രാജ്യം, ബിഗ് ബി പോലെയുള്ള ചിത്രങ്ങളിലൂടെ ഗ്യാങ്സ്റ്റർ വേഷങ്ങൾ അഭിനയിച്ചും വിസ്മയിപ്പിച്ചു.
മമ്മൂക്കക്കും ഭാര്യ സുൾഫത്തിനും രണ്ടു മക്കളാണുള്ളത്. മകൾ സുറുമി വിവാഹിതയാണ്. മകൻ ദുൽഖർ സൽമാനും സിനിമ രംഗത്ത് തന്റേതായ ഒരു സ്ഥാനം പടുത്തുയർത്തിക്കഴിഞ്ഞു. നായകനായും ഗായകനായും നിർമ്മാതാവായും തിളങ്ങുന്ന ദുൽഖറും തമിഴ്, തെലുങ്ക്, ഹിന്ദി ചിത്രങ്ങളിൽ തന്റെ സാന്നിദ്ധ്യം തെളിയിച്ചു കഴിഞ്ഞു. മമ്മൂക്കയുടെ ഇളയ സഹോദരൻ ഇബ്രാഹിംകുട്ടിയും ഒരു അഭിനേതാവാണ്. ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയനടനാണ് ഇബ്രാഹിംകുട്ടി. ഇബ്രാഹിംകുട്ടിയുടെ മകൻ മഖ്ബൂൽ സൽമാനും അഭിനയരംഗത്തേക്ക് കടന്ന് വന്നിട്ടുണ്ട്.