കൊവിഡ് പ്രോട്ടോക്കോള്‍ ലംഘനത്തിന് നടന് മമ്മൂട്ടിക്കെതിരെ ചുമത്തിയത് രണ്ട് വര്‍ഷം തടവോ പതിനായിരം രൂപ പിഴയോ ചുമത്താവുന്ന കുറ്റം. എപ്പിഡമിക് ഡിസീസസ് ആക്ട് പ്രകാരമാണ് കേസ്. മമ്മൂട്ടിയെ കൂടാതെ നടന് രമേശ് പിഷാരടി, നിര്‍മാതാവ് ആന്റോ ജോസഫ്, ആശുപത്രി മാനേജ്മെന്റ് എന്നിവര്‍ക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്.
മെയ്ത്ര ആശുപത്രിയില്‍ ഒരു ഉദ്ഘാടന ചടങ്ങിന് എത്തിയപ്പോള്‍ ആള്‍ക്കൂട്ടമുണ്ടാക്കിയതിനാണ് കേസ്. റോബോട്ടിക് ശസ്ത്രക്രിയ വിഭാഗത്തിന്റെ ഉദ്ഘാടനത്തിന് എത്തിയതായിരുന്നു ഇവര്‍. ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗം ബ്ലോക്കിലും ഇവര്‍ എത്തിയിരുന്നു. കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചായിരുന്നു ഉദ്ഘാടന ചടങ്ങ് നടന്നത്. ഇതിനുശേഷമായിരുന്നു നടന്മാര്ക്ക് ചുറ്റും ആളുകൂടിയത്. നടന്മാര് എത്തിയപ്പോള്‍ ആശുപത്രിയില്‍ മുന്നൂറോളം പേര് കൂടിയെന്ന് എലത്തൂര്‍ പൊലീസ് പറഞ്ഞു.
സുരക്ഷയിലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥരുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് മമ്മൂട്ടിക്കെതിരായ നടപടി. നടന്മാര് എത്തിയപ്പോള്‍ മുന്നൂറോളം പേര് കൂടിയിരുന്നതായും ഇവര്‍ക്കും ഉടന്‍ നോട്ടീസ് അയക്കുമെന്നും പ്രിന്‍സിപ്പല്‍ എസ്.ഐ കെ.ആര്. രാജേഷ് കുമാര്‍ പറഞ്ഞു.