ബലാത്സംഗക്കേസില്‍ നടനും നിര്‍മാതാവുമായ വിജയ് ബാബുവിനെതിരെ നിര്‍ണായക തെളിവുകള്‍ ശേഖരിച്ച് പൊലീസ്. വിജയ് ബാബുവും പരാതിക്കാരിയായ യുവതിയും ആഡംബര ഹോട്ടലിലും ഫ്ളാറ്റിലും എത്തിയതിന്റെ സിസിടിവി ദൃശ്യങ്ങളാണ് പൊലീസ് ശേഖരിച്ചിരിക്കുന്നത്. കടവന്ത്രയിലെ ഹോട്ടലിലാണ് വിജയ് ബാബുവും പരാതിക്കാരിയും എത്തിയത്.
കഴിഞ്ഞ മാര്‍ച്ച് 13 മുതല്‍ ഏപ്രില്‍ 14 വരെയുള്ള തീയതികളില്‍ അഞ്ച് സ്ഥലത്ത് തന്നെ വിജയ് ബാബു കൊണ്ടുപോയി എന്നാണ് പരാതിക്കാരിയുടെ മൊഴിയില്‍ ഉള്ളത്. മയക്കുമരുന്നും മദ്യവും നല്കി അര്‍ധബോധാവസ്ഥയില്‍ വിജയ് ബാബു ബലാത്സംഗത്തിന് ഇരയാക്കി. പീഡനവിവരം പുറത്തു പറഞ്ഞാല്‍ കൊല്ലും എന്നതടക്കമുള്ള ഭീഷണി തനിക്കുണ്ടായെന്നും നടിയുടെ പരാതിയിലുണ്ടായിരുന്നു. നടിയുടെ മൊഴിയെ സാധൂകരിക്കുന്ന തെളിവുകളാണ് ഇക്കഴിഞ്ഞ ദിവസങ്ങളില്‍ പൊലീസ് ശേഖരിച്ചത്. മൊഴിയില്‍ പറയുന്ന സ്ഥലങ്ങളില്‍ പരാതിക്കാരിയോടൊപ്പം അന്വേഷണസംഘം രഹസ്യമായി ചെല്ലുകയും പരാതിയില്‍ പറയുന്ന സ്ഥലങ്ങളില്‍ അതേസമയത്ത് ഇരുവരും എത്തി എന്ന് സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്.
അതിനിടെ കേസില്‍ വിജയ് ബാബു ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്കി. ഇന്ന് രാവിലെയാണ് വിജയ് ബാബു ഹൈക്കോടതിയെ സമീപിച്ചത്. സിനിമയില്‍ കൂടുതല്‍ അവസരത്തിനുവേണ്ടി താനുമായി ബന്ധം തുടര്‍ന്ന നടി ഇപ്പോള്‍ ബ്ലാക്ക് മെയില്‍ ചെയ്യുകയാണെന്നും ഇവര്‍ തനിക്കയച്ച ആയിരക്കണക്കിന് വാട്ട്സ് അപ്പ് സന്ദേശങ്ങളുള്‍പ്പെടെ സൂക്ഷിച്ചു വച്ചിട്ടുണ്ടെന്നും വിജയ് ബാബു ജ്യാമാപേക്ഷയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.