സ്റ്റേഷനില്‍ നടന്നത്, സലിമിന്റെ വാക്കുകളില്‍
സ്റ്റേഷനിലെത്തിയതോടെ ക്രിമിലനിനോടു പെരുമാറുന്ന രീതിയിലായിരുന്നു അവരുടെ പ്രതികരണം. പൊലീസുകാര്‍ പറയുന്ന പരാതിയുടെ കാര്യം ഓര്‍മയിലൂടെ പോയില്ലെങ്കിലും ദോഹയിലേക്ക് വിളിച്ച് സഹപ്രവര്‍ത്തകരോട് വൈകിട്ട് തന്നെ അവരെ കയറ്റിവിടാന്‍ വേണ്ടത് ചെയ്യണമെന്ന് പറഞ്ഞു. അപ്പോഴേയ്ക്കും അവിടെയുള്ള പൊലീസുകാര്‍ എന്റെ ഫോണൊക്കെ വാങ്ങിവെച്ചു. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് വിളിച്ചതനുസരിച്ച് വക്കീല്‍ വന്നു. ആ സ്ത്രീയ്ക്ക് ബോര്‍ഡിങ് പാസ് കിട്ടിയാല്‍ പിന്നെ പ്രശ്നമൊന്നുമില്ലെന്നാണ് വക്കീലിനോട് സിഐ പറഞ്ഞത്. പിന്നീട് ഒരു മധ്യസ്ഥന്‍ വഴി പണം തട്ടാനുള്ള ശ്രമമുണ്ടായി. രാത്രി 9ന് ആലുവയിലെ ശരത് എന്നയാള്‍ ഇന്‍സ്പെക്ടര്‍ വിശാല്‍ ജോണ്‍സന്റെ നിര്‍ദേശപ്രകാരമാണെന്നു പറഞ്ഞു സ്റ്റേഷനിലെത്തി. കേസില്‍ കുടുക്കിയതാണെന്നും 50 രൂപ തന്നാല്‍ ഊരിത്തരാമെന്നും മുഖ്യമന്ത്രിയുടെ ഓഫിസില്‍ നിന്നു സ്റ്റേഷനിലേക്കു വിളിക്കുമെന്നും ഇയാള്‍ പറഞ്ഞു.
സിനിമയുടെ പൂജ ഉള്ളതിനാല്‍ പെട്ടെന്നു സ്റ്റേഷനില്‍ നിന്നു പുറത്തിറങ്ങണമായിരുന്നു. ’50 രൂപ’ എന്നതു കൊണ്ട് 50,000 രൂപയാണ് ഉദ്ദേശിച്ചതെന്നു കരുതി, ഒരുലക്ഷം രൂപ സുഹൃത്തു വഴി ശരത്തിനു കൈമാറിയപ്പോഴാണ് 50 ലക്ഷം രൂപയാണ് ഉദ്ദേശിച്ചതെന്നു ശരത് പറഞ്ഞത്. ശരത് വീണ്ടും പൊലീസ് സ്റ്റേഷനിലെത്തി 50 ലക്ഷം രൂപ ആവശ്യപ്പെട്ടു. പറ്റില്ലെന്നു പറഞ്ഞു. അത്രയും വലിയ തുക തരാന്‍ ബുദ്ധിമുട്ടുണ്ടെന്ന് ശരത്തിനോട് ഞാന്‍ പറഞ്ഞു. ഒരു കാരണവശാലും പണം കൊടുക്കരുതെന്ന് വക്കീലും എന്നോട് പറഞ്ഞു. ഫോണ്‍ വീണ്ടും പൊലീസ് പിടിച്ചു വാങ്ങി. അര്‍ധരാത്രിയോടെ കേസെടുത്തു.
പുലര്‍ച്ചെ പരാതിയുണ്ടെന്ന് പൊലീസ് പറഞ്ഞ സ്ത്രീ വിമാനത്താവളത്തില്‍ വന്നു. മൊഴിയെടുത്തപ്പോള്‍ ഇത് ഞങ്ങളുടെ എംഡിയാണെന്നും പക്ഷേ ആദ്യമായാണ് കാണുന്നതെന്നും ഒരു പരാതിയും ഇല്ലെന്നുമാണ് അവര്‍ പറഞ്ഞത്. രാവിലെ സിഐയോടും പരാതിയില്ലെന്ന കാര്യം അവര്‍ ആവര്‍ത്തിച്ചു.’ പക്ഷേ അവരെയും അകത്തിടുമെന്നായിരുന്നു സിഐയുടെ ഭീഷണി. കേസുമായി ബന്ധപ്പെട്ട് കോടതിയില്‍ വരാന്പറ്റില്ലെന്നും അവര്‍ എന്റെ സുഹൃത്തുക്കളോട് പറഞ്ഞു. പിറ്റേന്നു വിശാല്‍ ജോണ്സണ് ‘ഞാന്‍ പറഞ്ഞയച്ചയാള്‍ പറഞ്ഞ പ്രകാരം നീ പ്രവര്ത്തിച്ചില്ലല്ലോ, നീ ഉണ്ട തിന്നു കിടക്കണം’ എന്നു പറഞ്ഞു. എന്റെ ആള്ക്കാര് വീണ്ടും ബസപ്പെട്ടപ്പോള്‍ 60 ലക്ഷം രൂപയാണു ശരത് ആവശ്യപ്പെട്ടത്. പണം നല്കിയാലും 2 ദിവസം ജയിലില്‍ കിടക്കേണ്ടി വരുമെന്നും പറഞ്ഞു. ശരത് പറഞ്ഞത് അനുസരിക്കാനായിരുന്നു വിശാല്‍ ജോണ്‍സന്റെ നിര്‍ദേശം. ഉച്ചയോടെ എന്നെ കോടതിയില്‍ ഹാജരാക്കി. സംഭവങ്ങള്‍ ബോധിപ്പിച്ചപ്പോള്‍ കോടതി അന്നു തന്നെ ജാമ്യം അനുവദിച്ചു.
‘അതിനിടെ കോടതിയുടെ മുന്നില്‍ നിര്‍ത്തി എസ്ഐ മറ്റു പൊലീസുകാരോട് പറഞ്ഞ് എന്റെ ഫോട്ടോ മൊബൈലില്‍ എടുത്തു. പിറ്റേന്ന് ചില പത്രങ്ങളിലൊക്കെ ‘വീട്ടുജോലിക്കാരിയെ നിര്‍മാതാവ് പീഡിപ്പിച്ചു’ എന്നമട്ടില്‍ വാര്‍ത്തകള്‍ വന്നു. ഇതുപോലെ മാനസികമായ പീഡനങ്ങള്‍ സഹിച്ച ശേഷമാണ് മുഖ്യമന്ത്രിക്ക് പരാതി നല്കാന് ഒരുങ്ങിയത്. ‘സിപിഎം ജില്ലാ സെക്രട്ടറി വഴി മുഖ്യമന്ത്രിയെ സമീപിക്കാനൊരുങ്ങിയപ്പോള്‍ തനിക്കെതിരേ പരാതിപ്പെടരുതെന്ന് സിഐ അഭ്യര്‍ഥിച്ചു. പരാതിപ്പെടരുതെന്ന് പറയണമെന്നും മറ്റൊരാള്‍ക്കുവേണ്ടി ചെയ്തതാണെന്നും എന്റെ ഒരു സുഹൃത്ത് വഴിയാണ് സിഐ അറിയിച്ചത്. അതിനുശേഷം മുഖ്യമന്ത്രിക്ക് ഞാന്‍ നേരിട്ട് പരാതി കൊടുത്തു. മുഖ്യമന്ത്രി നിര്‍ദേശിച്ചതനുസരിച്ച് ഡിജിപി ലോക്നാഥ് ബെഹ്റ പരാതി കേട്ടു. അന്വേഷിക്കാന്‍ ക്രൈംബ്രാഞ്ച് എസ്പി ജമാലുദ്ദീനെ ചുമതലപ്പെടുത്തുകയായിരുന്നു.
‘പരാതിക്ക് ആസ്പദമായ തെളിവുകളെല്ലാം ഞാന്‍ നല്‍കിയിരുന്നു. ആലുവയിലെ എന്റെ വീട്ടില്‍ പൊലീസുകാര്‍ എത്തിയത് സ്വകാര്യവാഹനത്തിലാണ്. വാഹനം ഓടിച്ചിരുന്ന ആളായിരുന്നു വണ്ടിയുടെ ഉടമ. അയാള്‍ പൊലീസുകാരനാണെന്നാണ് ഞാനും വിചാരിച്ചത്. എന്നാല്‍ അയാള്‍ പൊലീസ് അല്ലായിരുന്നു. വലിയ ആക്രോശത്തോടെയാണ് ഇയാള്‍ എന്നെ വീട്ടില്‍ നിന്നും ഇറക്കികൊണ്ട് പോയത്. വണ്ടി വരുന്നതിന്റെയും മറ്റും ദൃശ്യങ്ങള്‍ വീട്ടിലെ സിസിടിവിയില്‍ റെക്കോര്‍ഡ് ആയിരുന്നു.
‘മറ്റാര്‍ക്കും ഇതുപോലെ സംഭവിക്കരുതെന്നാണ് എന്റെ പ്രാര്‍ഥന. എനിക്കൊപ്പം സുഹൃത്ത് ഉണ്ടായതുകൊണ്ട് മാത്രമാണ് പുറംലോകവുമായി ബന്ധപ്പെടാന്‍ സാധിച്ചത്. അങ്ങനെ അല്ലാത്തൊരു അവസ്ഥയെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ തന്നെ ഭയം തോന്നുന്നു.’-സലിം പറഞ്ഞു