നടന് സല്മാന് ഖാനെ കൊലപ്പെടുത്താന്‍ ഷൂട്ടറെ അയച്ചിരുന്നതായി വെളിപ്പെടുത്തല്‍. സിദ്ദു മൂസവാലയുടെ കൊലയ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ച ലോറന്‍സ് ബിഷ്ണോയിയാണ് സല്മാന് ഖാനെ കൊല്ലാന്‍ ശ്രമം നടത്തിയത്. ഇതിനായി രാജസ്ഥാന് സ്വദേശിയായ ഷൂട്ടര്‍ സമ്പത്ത് നെഹ്റയെ ഏര്‍പ്പെടുത്തി. ലോറന്‍സ് ബിഷ്ണോയിയെ 2021 ല്‍ മുംബൈ പൊലീസ് ചോദ്യം ചെയ്തപ്പോള്‍ ഇയാള്‍ ഇക്കാര്യം വെളിപ്പെടുത്തിയതായാണ് റിപ്പോര്‍ട്ട്.
ലോറന്‍സ് ബിഷ്ണോയിയെ ചോദ്യം ചെയ്തത് സംബന്ധിച്ച രേഖകളിലാണ് ഇക്കാര്യമുള്ളത്. ലോറന്‍സിന്റെ നിര്‍ദേശ പ്രകാരം സമ്പത്ത് നെഹ്റ മുംബൈയിലെ ബാന്ദ്രയിലുള്ള സല്മാന് ഖാന്റെ വീട്ടിലെത്തുകയും പരിസരത്ത് ചുറ്റിത്തിരിയുകയും ചെയ്തു. ഒരു പിസ്റ്റള്‍ മാത്രമായിരുന്നു ഇയാളുടെ കൈവശം ഉണ്ടായിരുന്നത്. അതിനാല്‍ ദൂരെ നിന്ന് വെടിവയ്ക്കാന്‍ സാധിച്ചില്ല. തുടര്‍ന്ന് ദിനേഷ് ഫൗജി എന്നയാളോട് ആര്.കെ സ്പിങ് റൈഫില്‍ എത്തിച്ച് നല്കാന് ആവശ്യപ്പെട്ടു. 3-4 ലക്ഷം രൂപ ഇതിനായി അനില്‍ പാണ്ഡെ എന്നയാളുടെ പക്കല്‍ കൊടുത്തു. എന്നാല്‍ ദിനേശ് ഫൗജിയെ അറസ്റ്റ് ചെയ്തതോടെ ആ പദ്ധതി നടന്നില്ല.
1998 ല്‍ സല്മാന് ഖാന് രാജസ്ഥാനില്‍ ഒരു സിനിമാ ചിത്രീകരണത്തിനിടെ രണ്ട് കൃഷ്ണമൃഗങ്ങലെ വേട്ടയാടിരുന്നു. ഇതിന്റെ പകയിലാണ് ബിഷ്ണോയി നടനെ വകവരുത്താന്‍ ശ്രമിച്ചതെന്ന് പൊലീസ് വെളിപ്പെടുത്തിയിരുന്നു.