1988–ൽ രഘുനാഥ് പലേരി തിരക്കഥയെഴുതി സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത സൂപ്പർ ഹിറ്റ് ചിത്രമായിരുന്നു പൊന്മുട്ടയിടുന്ന താറാവ്. ചിത്രത്തിന് പിന്നിലെ രസകരമായ ഒരു സംഭവം ഇപ്പോൾ വെളിപ്പെടുത്തുകയാണ് ശ്രീനിവാസൻ. ചിത്രത്തിൽ നായകൻ ആകേണ്ടിയിരുന്നത് മോഹൻലാൽ ആണെന്നാണ് അദ്ദേഹം പറയുന്നത്. രഘുനാഥ് പാലേരി സംവിധാനം ചെയ്യാൻ ആലോചിച്ച ചിത്രമാണ് പൊന്മുട്ടയിടുന്ന താറാവ്. മോഹൻലാലിനെയാണ് അദ്ദേഹം ഈ ചിത്രത്തിൽ നായകനായി കരുതുന്നതെന്നും ശ്രീനിവാസന് നൽകിയിരുന്ന വേഷം അത് ജയറാമിന്റെത് ആയിരുന്നുവെന്നും ഇപ്പോൾ താരം പറയുന്നു. എന്നാൽ അന്ന് ചിത്രം നടന്നില്ലെങ്കിലും പിന്നീട് സത്യൻ അന്തിക്കാട് സംവിധാനം ചെയ്യാൻ ഒരുങ്ങുമ്പോഴും മോഹൻലാൽ തന്നെയായിരുന്നു ഇരുവരുടെയും മനസ്സിലെ നായകൻ.
എന്നാൽ ഈ ചിത്രത്തിന്റെ തിരക്കഥ വായിച്ചതിനുശേഷം ഇന്നസെന്റിന്റെ അഭിപ്രായത്തിൽ ആണ് മോഹൻലാലിനെ മാറ്റി ശ്രീനിവാസനെ നായകനാക്കി ക്രമീകരിച്ചത്. ഇതിന് കാരണമായി ഇന്നസെന്റ് പറഞ്ഞത് മോഹൻലാൽ ഇപ്പോൾ തന്നെ ഒരു മെഗാസ്റ്റാർ ആണെന്നും വലിയ സിനിമകൾ മാത്രം ചെയ്യുന്ന അദ്ദേഹത്തിന് ഇതുപോലൊരു വേഷം ശരിയാവില്ല എന്നുമായിരുന്നു. പൊന്മുട്ടയിടുന്ന താറാവ് എന്ന ചിത്രം വളരെ ലളിതമായ രീതിയിൽ കഥപറയുന്ന ഒന്നായിരുന്നു. അതുകൊണ്ടുതന്നെ ഈ ചിത്രത്തിൽ മോഹൻലാൽ നായകനായി എത്തിയാൽ പ്രേക്ഷക പ്രതീക്ഷ വളരെ വലുതായിരിക്കും എന്നും അത് ചിത്രത്തെ ചിലപ്പോൾ ബാധിക്കുമെന്നും ഇന്നസെന്റ് അഭിപ്രായപ്പെട്ടിരുന്നു. ഇത് മനസ്സിലാക്കിയ സംവിധായകൻ ശ്രീനിവാസനെ നായകൻ ആക്കുകയായിരുന്നു.