പൃഥ്വിരാജ് സുകുമാരനും അതിഥി ബാലനും പ്രധാന വേഷത്തിലെത്തിയ ചിത്രമായിരുന്നു കോള്‍ഡ് കേസ്. ക്യാമറാമാന് തനു ബാലകിന്റെ ആദ്യ സംവിധാന സംരംഭം കൂടിയാണ് കോള്‍ഡ് കേസ്. കോള്‍ഡ് കേസില്‍ പൃഥ്വിരാജ് അവതരിപ്പിച്ച സത്യജിത്ത് ഐപിഎസ് എന്ന കഥാപാത്രവും പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. സത്യജിത്തിനൊപ്പം സിനിമയില്‍ എപ്പോഴും നിഴലായി കൂടെയുള്ള രണ്ട് കഥാപാത്രങ്ങളായിരുന്നു സിഐ സിയാദ് മുഹമ്മദും പ്രൊബേഷണറി ഓഫീസറായ നീല ഐപിഎസും.
നടന് അനില്‍ നെടുമങ്ങാട് ആയിരുന്നു സിയാദ് മുഹമ്മദായി എത്തിയത്. എന്നാല്‍ മലയാള സിനിമ പ്രേക്ഷകര്‍ക്ക് അധികം പരിചിതമല്ലാത്തൊരു മുഖമായിരുന്നു ഐപിഎസ് ഓഫീസറായ നീല ആയി എത്തിയത്. ചിത്രത്തില്‍ പൃഥ്വിരാജിനൊപ്പം മുഴുനീള കഥാപാത്രമായി എത്തിയ ആ നടി പൂജ മോഹന്‍രാജ് ആണ്. എന്നാല്‍ ആ വേഷം പൂജ ഗംഭീരമാക്കുകയും ചെയ്തു. മമ്മൂട്ടിക്കൊപ്പമാണ് പൂജ മോഹന്‍രാജ് സിനിമയിലേക്ക് എത്തുന്നത്. മമ്മൂട്ടി മുഖ്യമന്ത്രി കടക്കല്‍ ചന്ദ്രനായി എത്തിയ വണ്‍ എന്ന ചിത്രമായിരുന്നു അത്. തീയേറ്ററിലും പിന്നീട് ഒറ്റിറ്റിയിലും എത്തിയ ചിത്രം മികച്ച അഭിപ്രായം നേടിയിരുന്നു.
തീയേറ്റര്‍ ആര്ടിസ്റ്റാണ് പൂജ മോഹന്‍രാജ്. നിരവധി നാടകങ്ങളില്‍ പ്രധാന വേഷത്തില്‍ പൂജ മോഹന്‍രാജ് എത്തിയിരുന്നു. അതിന്റെ കരുത്തിലാണ് സിനിമയിലേക്ക് എത്തിയത്. ജനിച്ചത് പോണ്ടിച്ചേരിയിലാണ്. നാട് കണ്ണൂരും. പഠിച്ചതൊക്കെ എറണാകുളത്താണ്. പിന്നെയാണ് നാടകങ്ങളിലേക്ക് എത്തുന്നത്. അതുവഴി സിനിമയിലേക്കും. ഇനിയും പൂജയുടെ സിനിമകള്‍ അണിയറയില്‍ ഒരുങ്ങുന്നുണ്ട്.