കാളിദാസ് ജയറാം മലയാളത്തിൽ നായകനായി അരങ്ങേറ്റം കുറിച്ച എബ്രിഡ് ഷൈൻ ചിത്രം പൂമരം ഗംഭീര അഭിപ്രായവുമായി തീയറ്ററുകളിൽ പ്രദർശനം തുടരുകയാണ്. ഇപ്പോഴിതാ ചിത്രത്തെ അഭിനന്ദിച്ച് എബ്രിഡ് ഷൈന്റെ ആദ്യ രണ്ടു ചിത്രങ്ങളായ 1983യിലും ആക്ഷൻ ഹീറോ ബിജുവിലും നായകനായ നിവിൻ പോളി. അദ്ദേഹത്തിന്റെ വാക്കുകളിലേക്ക്….
“പൂമരം കണ്ടു. ഒത്തിരി ഇഷ്ടപ്പെട്ടു. എന്റെ ഹൃദയത്തിൽ കാലാകാലത്തോളം സ്ഥാനം പിടിച്ചിരിക്കുന്ന ഒരു ചിത്രം തന്നെയാണിത്. പൂമരം റിയലിസ്റ്റിക് എന്നതിനോടൊപ്പം കാവ്യാത്മകവും കൂടിയാണ്. വ്യക്തിപരമായി പറഞ്ഞാൽ മലയാള സിനിമ ലോകത്തെ മികച്ച ക്ലാസിക് ചിത്രങ്ങളിൽ ഒന്ന് തന്നെയാണ് പൂമരം. കോളേജിൽ കലോത്സവങ്ങളുടെ ഭാഗമായിട്ടുള്ള ഏതൊരാൾക്കും ഈ ചിത്രം മനോഹരമായൊരു ഗൃഹാതുരത്വം സമ്മാനിക്കും. വളരെ അർത്ഥവത്തായ ക്ലൈമാക്സ് അതിന്റെ പൂർണതയിൽ തന്നെയാണ് ചിത്രീകരിച്ചിരിക്കുന്നത്. ഇതിലും മികച്ചൊരു തുടക്കം കാളിദാസിന് ലഭിക്കാനില്ല. ചിത്രത്തിലെ എല്ലാ പുതുമുഖങ്ങൾക്കും അവരുടെ മനോഹര പ്രകടനത്തിന് അഭിനന്ദനങ്ങൾ. ഇത് എബ്രിഡ് ഷൈന്റെ ഹൃദയസ്പർശിയായ ഒരു ഫീൽ ഗുഡ് ചിത്രം. നിങ്ങൾ എല്ലാവരും തീർച്ചയായും ഈ ചിത്രം തീയറ്ററുകളിൽ തന്നെ പോയി കാണണം.”