മലയാളി പ്രേക്ഷകരുടെ ഇഷ്ട താരജോഡികൾ ആണ് പൂർണ്ണിമയും ഇന്ദ്രജിത്തും. അഭിനയജീവിതത്തിലെ തിരക്കുകൾക്കിടയിലും സോഷ്യൽ മീഡിയയിലൂടെ തങ്ങളുടെ വിശേഷങ്ങൾ പങ്കുവയ്ക്കാൻ ഇരുവരും ശ്രദ്ധിക്കാറുണ്ട്. നടി എന്നതിനു പുറമേ ഒരു ഫാഷൻ ഡിസൈനർ കൂടിയാണ് പൂർണിമ ഇന്ദ്രജിത്ത്. മോഡൽ, നർത്തകി, അവതാരക, അഭിനയത്രി, ഡബ്ബിങ് ആർട്ടിസ്റ്റ്, ഫാഷൻ ഡിസൈനർ അങ്ങനെ തുടങ്ങി കൈവച്ച മേഖലയിൽ എല്ലാം കഴിവുതെളിയിച്ച താരമാണ് പൂർണിമ.
കൊച്ചിയിൽ പ്രാണ എന്ന പേരിൽ ഒരു ഡിസൈനിങ് ബോട്ടിക് പൂർണിമയ്ക്ക് ഉണ്ട്. തമിഴ്നാട്ടുകാരി ആണെങ്കിലും കേരളത്തിൽ തന്നെയാണ് പൂർണിമ ജനിച്ചതും വളർന്നതും. ഭർത്താവായ ഇന്ദ്രജിത്തും മക്കളായ നക്ഷത്രയും പ്രാർത്ഥനയും പൂർണിമയ്ക്ക് ഫുൾ സപ്പോർട്ട് ആണ്. കഴിഞ്ഞു പോയ കാലങ്ങളിലെ കാര്യങ്ങളൊക്കെ പൂർണിമ ആരാധകരുമായി സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട്. 25 വർഷങ്ങൾക്കു മുൻപ് മലയാള മനോരമ പത്രത്തിൽ വന്ന പൂർണ്ണിമയുടെ ചിത്രമാണ് ഇപ്പോൾ താരം പങ്കുവയ്ക്കുന്നത്.
നിറപുഞ്ചിരിയോടെ നൽകുന്ന ഒരു ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രമാണ് ഇത്. പാമ്പാക്കുടയില്‍ നടന്ന ബാലജനസഖ്യം മധ്യമേഖലാ ബാലികാസമ്മേളനത്തില് മികച്ച ക്യാംപ് അംഗമായി പൂര്‍ണിമ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. അതിന്റെ ചിത്രമാണ് താരം പങ്കുവെച്ചത്. എറണാകുളം യൂണിയനെ പ്രതിനിധീകരിച്ചായിരുന്നു പൂര്‍ണിമ അന്ന് ക്യാംപിലെത്തിയത്. ആ കാലഘട്ടത്തോട് ഏറെ നന്ദി രേഖപ്പെടുത്തുന്ന തരത്തിലുള്ള ഹാഷ്ടാഗുകൾ ആണ് താരം കുറിച്ചിരിക്കുന്നത്.