ഇന്ദ്രജിത്ത് സുകുമാരനുമായുള്ള വിവാഹത്തിന് ശേഷം സിനിമ രംഗത്ത് നിന്നും മാറി നിന്ന പൂർണിമ ഇന്ദ്രജിത്ത് പിന്നീട് ഡിസൈനിങ് രംഗത്താണ് ആരാധകരെ ഞെട്ടിച്ചത്. ഇപ്പോഴിതാ വൈറസ് എന്ന ചിത്രത്തിലൂടെ ശക്തമായൊരു തിരിച്ചുവരവ് കൂടി നടത്തിയിരിക്കുകയാണ് നടി. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത് പൂർണിമയുടെ പഴയൊരു ചിത്രമാണ്. 22 വർഷം മുമ്പ് തന്റെ മുഖചിത്രം കവർ ആയി വന്ന ‘വനിത’ മാസികയിലെ ഫോട്ടോയാണ് സോഷ്യൽ മീഡിയയിൽ താരം പങ്ക് വെച്ചിരിക്കുന്നത്. വനിതയുടെ 1997, 1–14 ലക്കത്തിന്റെ കവർ ചിത്രമാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്. 18 വയസുള്ള ആദ്യ വർഷ കോളേജ് വിദ്യാർത്ഥിനിയായിരുന്നു നടിയന്ന്. രാജൻ പോളാണ് ചിത്രം പകർത്തിയത്.
“അന്നെനിക്ക് 18 വയസ്സ്. കോളജിൽ ആദ്യ വർഷം. 22 വർഷം കഴിഞ്ഞിരിക്കുന്നു. സോഷ്യൽ മീഡിയക്കും സ്മാർട്ട് ഫോണിനും മുൻപുള്ള പൂർണിമ മോഹൻ. കനത്തിൽ വരച്ച കൺപീലികൾ അനക്കി ക്യാമറക്കു മുൻപിൽ ഇമ ചിമ്മാൻ ശ്രമിച്ച എന്നെക്കുറിച്ചുള്ള ഓർമകൾ ഇപ്പോഴുമുണ്ട്. സിനിമയിലേയ്ക്കുള്ള എന്റെ ആദ്യ ചുവടുവയ്പ്പായിരുന്നു അത്. സ്വപ്നങ്ങള്‍ യാഥാർഥ്യമാകുന്ന സമയം. ഇന്ന് ഞാൻ ഇവിടെ വരെ എത്തിയതും സ്വപ്നം കണ്ടുതന്നെയാണ്. വലിയ സ്വപ്നങ്ങൾ കാണൂ. ഒരുകാര്യം ചിത്രത്തിലെ ആ നഖം യഥാർഥത്തിൽ എന്റേത് തന്നെയാണ്. പൂർണിമ കുറിച്ചു.