ജോഷിയുടെ സംവിധാനത്തിൽ ഒരുങ്ങിയ പൊറിഞ്ചു മറിയം ജോസ് നിറഞ്ഞ സദസ്സിൽ പ്രദർശനം തുടരുകയാണ്. കാട്ടാളൻ പൊറിഞ്ചു ആയി ജോജു ജോർജ്ജ് എത്തിയപ്പോൾ ആലപ്പാട്ട് മറിയം ആയി നൈല ഉഷയും പുത്തൻപള്ളി ജോസ് ആയി ചെമ്പൻ വിനോദും വേഷമിട്ടു. ഈ കഥാപാത്രങ്ങൾ സാങ്കല്പികമല്ല എന്നും തൃശ്ശൂരിൽ ജീവിച്ചിരുന്ന വ്യക്തികളാണെന്നും ഉള്ള റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. വിനീഷ് വിശ്വം എന്ന രചയിതാവ് തയ്യാറാക്കിയ ഫീച്ചറിൽ കാട്ടാളൻ പൊറിഞ്ചുവിന്റെ മകളുടെ അടക്കമുള്ള ചിത്രങ്ങളും കാട്ടാളൻ പൊറിഞ്ചുവിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങളും ഉണ്ട്.
കുഞ്ഞല എന്നാണ് പൊറിഞ്ചുവിന്റെ മകളുടെ പേര്. പൊറിഞ്ചുവിന്റെ ചിത്രവുമായി മകൾ കുഞ്ഞലയുടെ ഫോട്ടോയും ഫീച്ചറിന്റെ ഭാഗമാണ്. ടാക്സി ഡ്രൈവർ ആയിരുന്ന ജോസിനെ കുറിച്ചും ഫീച്ചറിൽ പരാമർശം ഉണ്ട്. ജോസ് കൊല്ലപ്പെട്ടത് എങ്ങനെ എന്നും ഇതിൽ വിവരിക്കുന്നു. പുറമെ കാട്ടാളനും എന്നാൽ ഉള്ളിൽ ഒരുപാട് സ്നേഹവുമുള്ള ആളായിരുന്നു തന്റെ അപ്പൻ എന്ന് കുഞ്ഞല പറയുന്നു. ആലപ്പാട്ട് മറിയത്തെ കുറിച്ചും ഫീച്ചറിൽ പറയുന്നുണ്ട്. അരണാട്ടുക്കരക്കാരൻ ആയ ജോർജ് എന്ന ആളാണ് താൻ കണ്ട അതിസുന്ദരിയായ മറിയത്തെ കുറിച്ച് ഈ ഫീച്ചറിൽ വിശദീകരിക്കുന്നത്. ശെരിക്കുള്ള മറിയം വിവാഹിതയും അമ്മയും നല്ലൊരു കച്ചവടക്കാരിയും ആയിരുന്നു എന്ന് ജോർജ് പറയുന്നു. വെളുത്തു തുടുന്ന വമ്പൻ ശരീരമുള്ള ആളായിരുന്നു ജോസ് എന്നും ഫീച്ചറിൽ വിശദീകരിക്കുന്നുണ്ട്. ഇവർ മൂന്നു പേരെയും പറ്റി പരാമർശിക്കുന്ന ഈ ഫീച്ചർ മലയാളത്തിലെ ഒരു പ്രമുഖ മാധ്യമത്തിലാണ് പ്രത്യക്ഷപ്പെട്ടത്.