ദുല്‍ഖര്‍ സല്മാന് നായകനാകുന്ന ഏറ്റവും പുതിയ ചിത്രമാണ് സീതാരാമം. ഹനു രാഘവപുടി സംവിധാനം ചെയ്ത ചിത്രം ഓഗസ്റ്റ് അഞ്ചിനാണ് പ്രേക്ഷകരിലേക്ക് എത്തുക. ഇപ്പോഴിതാ ചിത്രത്തിന്റെ പ്രമേഷനായി അണിയറപ്രവര്‍ത്തകര്‍ ഇറക്കിയിരിക്കുന്നത് തെലുങ്ക് സൂപ്പര്‍ താരം പ്രഭാസിനെയാണ്. സീതാരാമം ട്രെയിലര്‍ തനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു എന്ന് ഇവന്റില്‍ പ്രഭാസ് പറഞ്ഞു.
സീതാരാമം ഒരു പ്രണയ കഥ മാത്രമല്ല. സിനിമയ്ക്കായി കാത്തിരിക്കുകയാണെന്നും പ്രഭാസ് പറഞ്ഞു. ദുല്‍ഖര്‍ സല്‍മാനെക്കുറിച്ചും പ്രഭാസ് സംസാരിച്ചു. ദുല്‍ഖര്‍ സല്മാന് രാജ്യത്തെ ഏറ്റവും സുന്ദരനായ നടനമാരില്‍ ഒരാളാണെന്ന് പ്രഭാസ് പറഞ്ഞു. ദുല്‍ഖര്‍ അഭിനയിച്ച മഹാനടി മികച്ച ചിത്രമാണെന്നും അതുപോലെ തന്നെ സീതാരാമം കാണാന്‍ കാത്തിരിക്കുകയാണെന്നും പ്രഭാസ് പറഞ്ഞു.
സീതാ രാമത്തിലെ ദുല്‍ഖറിന്റെയും മൃണാലിന്റെയും പ്രകടനത്തെ എല്ലാവരും പുകഴ്ത്തുന്നുണ്ട്. തനിക്കും സിനിമ എത്രയും വേഗം കാണണം. ഇത്രയും പാഷനും വമ്പന്‍ ബഡ്ജറ്റുമായി ഒരു സിനിമ നിര്‍മിക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. ട്രെയിലര്‍ കണ്ടപ്പോള്‍ പ്രണയകഥക്കൊപ്പം യുദ്ധ സീനുകളും ചിത്രത്തില്‍ ഉണ്ടാകുമെന്നാണ് തോന്നുന്നതെന്നും പ്രഭാസ് പറഞ്ഞു.