ചുരുക്കം ചില സിനിമകളിലൂടെ തന്നെ മലയാള സിനിമാ ഇൻഡസ്ട്രിയിൽ ശ്രദ്ധേയമായ സ്ഥാനം നേടിയെടുത്ത പ്രൊഡക്ഷൻ കമ്പനിയാണ് ഫന്റാസ്റ്റിക്ക് ഫിലിംസ്. അജു വർഗീസ്, ധ്യാൻ ശ്രീനിവാസൻ, വിശാഖ് സുബ്രമണ്യം എന്നിവരാണ് ഫന്റാസ്റ്റിക്ക് ഫിലിംസിന്റെ സാരഥികൾ .നിവിൻ പോളി നായകനായെത്തിയ ലൗ ആക്ഷൻ ഡ്രാമ നിർമിച്ചു കൊണ്ടായിരുന്നു ഫന്റാസ്റ്റിക്ക് ഫിലിംസ് സിനിമാ ലോകത്തേക്ക് പ്രവേശിക്കുന്നത്. പിന്നീട് ഹെലൻ, ഗൗതമന്റെ രഥം എന്നീ ചിത്രങ്ങൾ വിതരണത്തിന് എത്തിച്ചും തങ്ങളുടെ സാന്നിധ്യം വീണ്ടും ഉറപ്പിക്കാൻ ഫന്റാസ്റ്റിക്ക് ഫിലിംസിന് സാധിച്ചു.
ഇപ്പോൾ ദീപാവലി ദിനത്തിൽ തങ്ങളുടെ പുതിയ ചിത്രം പ്രഖ്യാപിച്ചിരിക്കുകയാണ് ഫന്റാസ്റ്റിക് ഫിലിംസ്. പ്രകാശൻ പറക്കട്ടെ എന്നാണ് ചിത്രത്തിന്റെ പേര്. ദിലീഷ് പോത്തൻ, മാത്യു തോമസ്, സൈജു കുറുപ്പ്, അജു വർഗീസ്, ധ്യാൻ ശ്രീനിവാസൻ എന്നിവരാണ് ചിത്രത്തിലെ നായകന്മാർ. ഷഹദ് ആണ് സംവിധായകൻ. ഫന്റാസ്റ്റിക് ഫിലിംസിനൊപ്പം ഹിറ്റ് മേക്കേഴ്സ് എന്റർടൈന്മെന്റ്സും കൂടി ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ധ്യാൻ ശ്രീനിവാസൻ ആണ് തിരക്കഥ ഒരുക്കുന്നത് എന്ന പ്രത്യേകത കൂടിയുണ്ട് ചിത്രത്തിന്. ഷാൻ റഹ്മാൻ സംഗീതം. ഗുരുപ്രസാദ് ഛായാഗ്രഹണം.