ആദ്യ ചിത്രം ആദിക്ക് വേണ്ടി പാർകൗർ പരിശീലിച്ച പ്രണവ് മോഹൻലാൽ തന്റെ രണ്ടാമത്തെ ചിത്രമായ ഇരുപത്തിയൊന്നാം നൂറ്റാണ്ടിന് വേണ്ടി സർഫിങ്ങ് പരിശീലിക്കുന്നുവെന്ന വാർത്ത ആരാധകരെ ഏറെ ആവേശം കൊള്ളിച്ചിട്ടുണ്ട്. സംവിധായകൻ അരുൺ ഗോപി തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ടൈംസ് ഓഫ് ഇന്ത്യക്ക് നൽകിയ അഭിമുഖത്തിൽ നിന്നും, ” ഒരു സർഫറിന്റെ റോളാണ് പ്രണവ് ചിത്രത്തിൽ ചെയ്യുന്നത്. ഇന്തോനേഷ്യയിലെ ബാലിയിൽ പോയി അതിനായി പ്രത്യേക പരിശീലനവും പ്രണവ് നേടിയിട്ടുണ്ട്. ഏകദേശം ഒരു മാസത്തോളം അതിനായി പ്രണവ് കഠിനധ്വാനം ചെയ്തിട്ടുണ്ട്.” സൗത്ത് ആഫ്രിക്കയിലെ കേപ്പ് ടൗണിലാണ് ചിത്രത്തിന്റെ സർഫിങ്ങ് രംഗങ്ങൾ ഷൂട്ട് ചെയ്യുക. ജൂൺ, ജൂലൈ മാസങ്ങളിൽ 72 അടിയോളം ഉയരത്തിൽ തിരമാലകൾ ആഞ്ഞടിക്കുന്ന സ്ഥലമാണ് കേപ്പ്ടൗൺ. ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ പ്രധാന ലൊക്കേഷൻ ഗോവയാണ്. പാലാ, കാഞ്ഞിരപ്പിള്ളി, ഹൈദരാബാദ് തുടങ്ങിയ സ്ഥലങ്ങളിലും ചിത്രത്തിന്റെ ഷൂട്ടിങ്ങ് നടക്കും.