സിനിമ-സീരിയൽ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയാണ് പ്രവീണ. ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്തുവരുന്ന കസ്തൂരിമാൻ എന്ന സീരിയലിൽ മൂന്നു മക്കളുടെ അമ്മയായി പ്രവീണ എത്തിയപ്പോൾ ആരാധകർ ഏറെ സന്തോഷത്തോടെയാണ് താരത്തെ സ്വീകരിച്ചത്. എന്നാൽ കഥയുടെ ഗതിക്കനുസരിച്ച് ആ കഥാപാത്രം സീരിയലിൽ നിന്നും മാറുകയായിരുന്നു. സീരിയലിലേക്ക് എത്താൻ ഉണ്ടായ കാരണങ്ങളും അതുപോലെ അതിൽ നിന്നും പിന്മാറാൻ ഉണ്ടായ കാരണങ്ങളും ഇപ്പോൾ തുറന്നു പറയുകയാണ് പ്രവീണ.
“പരമ്പരകൾ ചെയ്യുന്നില്ല എന്ന തീരുമാനത്തിൽ ഇരുന്നപ്പോഴാണ് കസ്തൂരിമാനിലേക്ക് ഉള്ള ക്ഷണം ലഭിച്ചത്. അമ്മയും മൂന്നുമക്കളുടെയും കഥ പറയുന്ന ഒരു പരമ്പര. അവരോട് ഞാൻ ആദ്യമേ തന്നെ പറഞ്ഞിരുന്നു വ്യത്യസ്തമായത് മാത്രം ചെയ്യാൻ ആണ് ആഗ്രഹം എന്ന്. അവരത് സമ്മതിക്കുകയും ചെയ്തു.കഥ കേട്ടപ്പോൾ അൽപ്പം വ്യത്യസ്തമായി തോന്നി. മാത്രവുമല്ല, പ്രവീണയുടെ കഥാപാത്രം ആണ് അതിലെ ഏറ്റവും പ്രാധാന്യം അർഹിക്കുന്നത് എന്ന് അവർ പറയുകയും ചെയ്തു. എല്ലാവരും ഇങ്ങനെയാണ് ആദ്യമൊക്കെ പറയുന്നത്, പറ്റിക്കരുത് എന്ന് പറഞ്ഞ ശേഷമാണ് ഞാൻ ആ പരമ്പര ഏറ്റെടുക്കുന്നത്.
അമ്മ വേഷങ്ങൾ ചെയ്യാൻ എനിക്ക് യാതൊരു മടിയും ഇല്ല. കാരണം ഞാനും ഒരു അമ്മയാണ്. എന്റെ മകൾക്ക് പതിനെട്ട് വയസ്സായി. സിനിമയിൽ നിരവധി താരങ്ങളുടെ അമ്മ വേഷത്തിൽ ഞാൻ എത്തിയിട്ടുണ്ട്. അമ്മ കഥാപാത്രങ്ങൾ ചെയ്യുന്നതിൽ അഭിമാനം മാത്രമേ തോന്നിയിട്ടൊള്ളൂ. പക്ഷെ ആ അമ്മ ജന മനസ്സുകളിൽ തങ്ങി നിൽക്കുന്ന ഒരു അമ്മ ആയിരിക്കണം. കാരണം അമ്മയാണ് സകലതും, ഒരു കുട്ടിയെ നല്ലൊരു പൗരൻ ആക്കുന്നത് ഒരമ്മയാണ്. അപ്പോൾ അമ്മ കഥാപാത്രങ്ങൾ ഏറ്റെടുക്കുമ്പോൾ ഈ കാലഘട്ടത്തിനു യോജിക്കുന്ന ഒരു അമ്മ ആകണം എന്ന് എനിക്ക് നിർബന്ധം ഉണ്ട്. കാരണം ജന മനസ്സുകളിൽ നിറയണം എങ്കിൽ കഴിച്ചോ, ഉണ്ടോ ഉറങ്ങിയോ എന്ന് മാത്രം തിരക്കുന്ന ഒരു അമ്മ ആകരുത് എന്റെ കഥാപാത്രം എന്നും എനിക്ക് നിർബന്ധം ഉണ്ട്. കസ്തൂരിമാനിൽ സംഭവിച്ചതും അതാണ്. സേതുലക്ഷ്മിയുടെയും മൂന്നു പെൺകുട്ടികളുടെയും കഥ പറഞ്ഞു തുടങ്ങി. പിന്നെ ഒരു പെൺകുട്ടിയുടെ മാത്രം കഥ ആയി അതങ്ങു ഒതുങ്ങി പോവുകയും ചെയ്തു. അത് നല്ല രീതിയിൽ തന്നെയാണ് ഇപ്പോഴും പോകുന്നത്. അവരുടെ ഭാഗത്ത് തെറ്റില്ല. പക്ഷെ എനിക്ക് സംതൃപ്തി ലഭിക്കാത്തത് കൊണ്ട് മാത്രമാണ് അത് വിടേണ്ടി വന്നത്”.