2015 ൽ നിവിൻ പോളി നായകനായി മൂന്നു നായികമാർ അണിനിരന്ന ചിത്രമായിരുന്നു പ്രേമം. 2015 ൽ പ്രേക്ഷകർ ഏറ്റെടുത്ത ഏറ്റവും വലിയ ബ്ലോക്ക് ബസ്റ്റർ ചിത്രമായിരുന്നു അത്. തമിഴ്നാട്ടിൽ ഏറ്റവും കൂടുതൽ ദിവസം പ്രദർശിപ്പിച്ച ചിത്രം എന്ന റെക്കോർഡും പ്രേമം നേടിയെടുത്തിരുന്നു. പിന്നീട് ചിത്രം തെലുങ്കിലേക്ക് റീമേക്ക് ചെയ്തു. എന്നാൽ ഈ ചിത്രം ഹിന്ദിയിലേക്ക് റീമേക്ക് ചെയ്യുവാനുള്ള ഓഫർ തനിക്ക് വന്നിരുന്നുവെന്നും എന്നാൽ താൻ അത് വേണ്ടെന്നു വച്ചതാണെന്നും അൽഫോൺസ് പുത്രൻ ഇപ്പോൾ പറയുകയാണ്. ഇതിനുള്ള കാരണവും അദ്ദേഹം വ്യക്തമാക്കുന്നുണ്ട്. പ്രശസ്ത ബോളിവുഡ് സംവിധായകനും നിർമ്മാതാവുമായ കരൺ ജോഹറാണ് ഈ ആവശ്യവുമായി തന്നെ സമീപിച്ചതെന്നും അൽഫോൻസ് പുത്രൻ പറഞ്ഞു. വരുൺ ധവാനെ നായകനാക്കി പ്രേമത്തിന്റെ ഹിന്ദി റീമേക്ക് താൻ തന്നെ സംവിധാനം ചെയ്യണമെന്നായിരുന്നു കരൺ ജോഹറിന്റെ ആവശ്യമെന്നും എന്നാൽ അതിനു സാധിക്കില്ല എന്ന് പറഞ്ഞു അൽഫോൺസ് പുത്രൻ ഒഴിഞ്ഞു മാറിയിരുന്നു.
അൽഫോൺസ് പുത്രന്റെ വാക്കുകൾ:
“ഞാൻ ഒരു മലയാളി ആണ്. കേരളത്തിലിന്റെ സംസ്കാരത്തിൽ നിന്ന് വളരെ വലിയ വ്യത്യാസമാണ് മുംബൈയിലെ ജീവിതത്തിനും അവിടുത്തെ സംസ്കാരത്തിനും ഉള്ളത്. അതൊട്ടും മനസ്സിലാക്കിയെടുക്കാൻ സാധിക്കാത്ത എനിക്കു അവിടുത്തെ പ്രേക്ഷകരുമായി സിനിമയിലൂടെ സംവദിക്കാൻ സാധിക്കില്ല. ഹിന്ദിയിൽ ആ ചിത്രം എഴുതി സംവിധാനം ചെയ്യുമ്പോഴുള്ള ഏറ്റവും വലിയ വെല്ലുവിളിയാണ് അത്. പ്രണയം മാത്രമല്ല ആ ചിത്രത്തിന്റെ വിഷയം. ഒരു പ്രത്യേക സംസ്കാരത്തിൽ ജനിച്ചു വളർന്ന ഒരാൾക്ക് തോന്നുന്ന വികാരം കൂടി അതിലുണ്ട്. കരൺ ജോഹർ എന്തായാലും ആ ചിത്രത്തിന്റെ റീമേക് അവകാശം വാങ്ങിയിട്ടുണ്ട്. ആരാണ് അത് സംവിധാനം ചെയ്യുന്നതെന്നു എനിക്ക് അറിയില്ല.”