സാൾട്ട് ആന്റ് പെപ്പർ, 22 ഫീമെയിൽ കോട്ടയം, ഡാ തടിയാ, ഇടുക്കി ഗോൾഡ്, ഇയ്യോബിന്റെ പുസ്തകം, റാണി പത്മിനി, മഹേഷിന്റെ പ്രതികാരം, തൊണ്ടിമുതലും ദൃക്സാക്ഷിയും, കുമ്പളങ്ങി നൈറ്റ്സ് തുടങ്ങിയ ചിത്രങ്ങളുടെ എഴുത്തുകാരൻ ശ്യാം പുഷ്കർ മലയാള സിനിമയെ മാറ്റത്തിന്റെ പാതയിലേക്ക് കൈപിടിച്ചുയർത്തിയ ഒരാളാണ്. മലയാളി മനസ്സുകളിൽ ചിരപ്രതിഷ്ഠ നേടിയ ഈ അതുല്യപ്രതിഭക്ക് നിരവധി ആരാധകരാണുള്ളത്. താൻ ശ്യാം പുഷ്കറിന്റെ വലിയ ഒരു ആരാധകനാണ് എന്ന വെളിപ്പെടുത്തലുമായി ഇപ്പോൾ രംഗത്തെത്തിയിരിക്കുകയാണ് നടനും സംവിധായകനുമായ പൃഥ്വിരാജ് സുകുമാരൻ. പൃഥ്വിരാജ് നായകനായി എത്തിയ ബ്രദേഴ്സ് എന്ന ചിത്രത്തിന്റെ പ്രചരണത്തിനായി ഒരു പ്രമുഖ മലയാളം ചാനലിന് നൽകിയ അഭിമുഖത്തിലാണ് ശ്യാം പുഷ്കറിനെ കുറിച്ച് താരം വാചാലനായത്.
പുതിയ മലയാള സിനിമകൾ താൻ കണ്ട് ആസ്വദിക്കാറുണ്ട് എന്നും പുതിയ സിനിമാ പ്രവർത്തകരിൽ താൻ ശ്യാം പുഷ്കറിന്റെ കടുത്ത ആരാധകൻ ആണെന്നും പൃഥ്വിരാജ് പറഞ്ഞു. ആധുനിക മലയാള സിനിമയിലെ വലിയ ഒരു ജീനിയസ് ആയിട്ടാണ് ശ്യാമിനെ പൃഥ്വിരാജ് പരിചയപ്പെടുത്തുന്നത്. അദ്ദേഹത്തെ നേരിട്ട് പരിചയം ഒന്നുമില്ലെങ്കിലും വളരെ ഇഷ്ടമാണെന്നും പൃഥ്വിരാജ് പറയുന്നു. അദ്ദേഹം മലയാള സിനിമക്ക് നൽകുന്ന സംഭാവനകൾ വളരെ വലുതാണെന്നും താരം കൂട്ടിച്ചേർത്തു. ഒപ്പം കുമ്പളങ്ങി നൈറ്റ്സ് എക്കാലത്തെയും ഇഷ്ട ചിത്രങ്ങളിലൊന്ന് ആണെന്നും മഹേഷിന്റെ പ്രതികാരം മലയാള സിനിമ ചരിത്രത്തിൽ തന്നെ പ്രധാനപ്പെട്ടതാണെന്നും പൃഥ്വിരാജ് പങ്കുവെച്ചു.