ആടുജീവിതം എന്ന ചിത്രത്തിന്റെ തയ്യാറെടുപ്പിനായി തന്റെ ഭാരം കുറയ്ക്കുന്നതിന് വേണ്ടി അഭിനയത്തിൽ നിന്നും ചെറിയ ഒരു ഇടവേള എടുത്തിരിക്കുകയായിരുന്നു പൃഥ്വിരാജ്. ഏകദേശം 30 കിലോയോളം ഭാരം ആണ് അദ്ദേഹം കുറച്ചത്. സിനിമയ്ക്ക് വേണ്ടി ഇത്ര അർപ്പണബോധമുള്ള പൃഥ്വിരാജിനെ സോഷ്യൽ മീഡിയ ഒന്നടങ്കം പ്രശംസിച്ചു. അപ്പോഴും പൃഥ്വിരാജ് പറയുന്നത് ഇത്തരമൊരു സാഹസം എടുക്കാൻ താൻ ആരെയും നിർബന്ധിക്കില്ല എന്നും ഇത് അപകടകരമാണ് എന്നുമാണ്. കൃത്യമായ വൈദ്യ നിരീക്ഷണം ഉള്ളതിനാലാണ് അധികം അപകടമൊന്നുമില്ലാതെ നിലനിന്നതെന്നും ടൈംസ് ഓഫ് ഇന്ത്യയുമായുള്ള അഭിമുഖത്തിൽ താരം പങ്കുവെച്ചു.
ബെന്യാമിൻ രചിച്ച ആടുജീവിതം എന്ന നോവൽ പൃഥ്വിരാജിനെ നായകനാക്കി സിനിമ ആക്കുകയാണ് ബ്ലെസ്സി. ബ്ലെസ്സിയുടെ അഭിപ്രായത്തിൽ ബെന്യാമിന്റെ ആടുജീവിതത്തിനോട് നൂറു ശതമാനം നീതി പുലർത്തുന്ന ഒരു ചിത്രമായിരിക്കും ആടുജീവിതം. കെ.ജി.എ ഫിലിംസിന്റെ ബാനറിൽ കെ.ജി അബ്രഹം നിർമ്മിക്കുന്ന ഈ ചിത്രത്തിൽ പൃഥ്വിരാജിന്റെ നായികയായെത്തുന്നത് അമല പോളാണ്. പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഒരു ബിഗ് ബജറ്റ് ചിത്രമാണ് ആടുജീവിതം.