ചലച്ചിത്രമേഖലയിലെ ഏറ്റവും മികച്ച ഛായാഗ്രഹകൻ ആണ് സന്തോഷ് ശിവൻ. അദ്ദേഹം പ്രേക്ഷകർക്ക് മുൻപിൽ എത്തിച്ച വിസ്മയിപ്പിക്കുന്ന ദൃശ്യങ്ങളിലൂടെ സിനിമയെ സ്നേഹിച്ചവർ നിരവധിയാണ്. അദ്ദേഹം ഒരു സംവിധായകൻ എന്ന നിലയിലും നമുക്ക് നിരവധി നല്ല ചിത്രങ്ങൾ സമ്മാനിച്ചിട്ടുണ്ട്. മലയാളത്തിൽ ഉറുമി, ജാക്ക് ആൻഡ് ജിൽ എന്നീ രണ്ട് ചിത്രങ്ങളാണ് അദ്ദേഹം സംവിധാനം ചെയ്തിട്ടുള്ളത്.
യുവതാരം കാളിദാസ് ജയറാമിനെയും ലേഡി സൂപ്പർസ്റ്റാർ മഞ്ജുവാര്യരെയും പ്രധാന കഥാപാത്രങ്ങളായി ഒരുക്കിയ ജാക്ക് ആൻഡ് ജിൽ അതിന്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ തീർന്നിരിക്കുകയാണ്. ചിത്രം ലോക്ക് ഡൗൺ അവസാനിച്ച് തീയേറ്ററുകൾ തുറക്കുന്ന ആ സമയത്തുതന്നെ പ്രദർശിപ്പിക്കും എന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. ചിത്രത്തിലെ കാളിദാസിന്റെയും മഞ്ജു വാര്യരുടെയും സ്റ്റില്ലുകൾ പുറത്ത് എത്തിയിരുന്നു. ഇപ്പോൾ പൃഥ്വിരാജ് സുകുമാരനും തന്റെ ശബ്ദത്തിലൂടെ ഈ ചിത്രത്തിന്റെ ഭാഗമാകുന്നു എന്ന വാർത്തകളാണ് പുറത്തെത്തുന്നത്. ഈ ചിത്രത്തിൽ പശ്ചാത്തല വിവരണം നൽകുന്നത് പൃഥ്വിരാജ് ആണെന്നും അദ്ദേഹത്തിന്റെ വിവരണം നേരത്തെ തന്നെ റെക്കോർഡ് ചെയ്തു കഴിഞ്ഞു എന്നുമാണ് സംവിധായകൻ സന്തോഷ് ശിവൻ ഒരു മാധ്യമ അഭിമുഖത്തിൽ പറയുന്നത്.
ഇവരെ കൂടാതെ ചിത്രത്തിൽ സൗബിൻ ഷാഹിർ, നെടുമുടി വേണു, ഇന്ദ്രൻസ്, അജു വർഗീസ്, സുരാജ് വെഞ്ഞാറമൂട്, രമേശ് പിഷാരടി തുടങ്ങി വൻതാരനിര തന്നെ അണിനിരക്കുന്നുണ്ട്. ചിത്രത്തിന് ദൃശ്യങ്ങൾ ഒരുക്കിയത് സന്തോഷ് ശിവനും സംഗീതം നൽകിയത് ഗോപി സുന്ദറുമാണ്.