അഭിനയത്തിനു പുറമേ സംവിധാനത്തിലും കഴിവ് തെളിയിച്ച താരമാണ് പൃഥ്വിരാജ് സുകുമാരൻ. മോഹൻലാലിനെയും മഞ്ജുവാര്യരെയും കേന്ദ്ര കഥാപാത്രങ്ങളായി അവതരിപ്പിച്ചു പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫർ എന്ന ചിത്രം പല റെക്കോർഡുകളും ഭേദിച്ച് ബോക്സ് ഓഫീസ് വിജയം ആയി മാറിയിരുന്നു. വിവിധ താരങ്ങളുടെ ആരാധകർ സംഗമിച്ച വേളയിൽ തന്റെ സിനിമാപ്രവേശം വളരെ എളുപ്പമായിരുന്നു എന്ന് അദ്ദേഹം പറയുന്നു. ഫിലിം സ്കൂളിൽ ഒന്നും താൻ പോയിട്ടില്ലെന്നും കഷ്ടപ്പാടുകൾ ഒന്നും ഇല്ലാതെ ആണ് സിനിമയിലേക്കെത്തിയത് എന്നും താരം പറയുന്നു. സിനിമയുടെ സാങ്കേതിക വശങ്ങളെക്കുറിച്ച് ചോദിച്ചതിന്റെ പ്രത്യാഘാതം ആയി തന്നെ ഒരു സിനിമയിൽ നിന്നും പുറത്താക്കിയിട്ടുണ്ട് എന്നും പൃഥ്വിരാജ് വെളിപ്പെടുത്തി.
എന്നാൽ അതിനുശേഷവും താൻ സംശയങ്ങൾ ചോദിക്കാറുണ്ടെന്നും എല്ലാ കാര്യങ്ങളും താൻ തന്നെ പഠിച്ചതാണ് എന്നും അദ്ദേഹം പറയുന്നു. അന്ന് സംശയം ചോദിച്ചതിനെ തുടർന്ന് സിനിമയിൽ നിന്നും പുറത്താക്കിയപ്പോൾ തന്റെ സംശയം ചോദിക്കുന്ന സ്വഭാവം നിർത്തിയിരുന്നെങ്കിൽ തനിക്ക് കൂടുതൽ സിനിമയെ കുറിച്ച് പഠിക്കാൻ സാധിക്കില്ലായിരുന്നു എന്നും അദ്ദേഹം പറയുന്നു.പൃഥ്വിരാജിനെ നായകനാക്കി ജീൻ പോൾ ലാൽ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഡ്രൈവിംഗ് ലൈസൻസ് .9 എന്ന സിനിമയ്ക്ക് ശേഷം പൃഥ്വിരാജ് പ്രൊഡക്ഷൻസ് നിർമിക്കുന്ന ചിത്രമാണ് ഡ്രൈവിങ് ലൈസൻസ്. ലിസ്റ്റിൻ സ്റ്റീഫൻ മാജിക് ഫ്രെയിംസ് ചിത്രത്തിൻറെ സഹ നിർമാതാക്കളിൽ ഒരാൾ ആണ്.സച്ചിയാണ് തിരക്കഥ.