ക്രിസ്തുമസ് റിലീസായി തീയറ്ററുകളിൽ എത്തി വമ്പൻ വിജയം കുറിച്ച ചിത്രമാണ് പൃഥ്വിരാജ്, സുരാജ് വെഞ്ഞാറമൂട് എന്നിവർ ഒന്നിച്ച ഡ്രൈവിംഗ് ലൈസൻസ്. ചിത്രം സംവിധാനം ചെയ്തത് ലാൽ ജൂനിയറും രചിച്ചത് സച്ചിയും ആണ്. ഈ ചിത്രം നിർമ്മിച്ചത് പൃഥ്വിരാജ് പ്രൊഡക്ഷൻസ്, മാജിക് ഫ്രെയിംസ് എന്നീ ബാനറുകളിൽ പൃഥ്വിരാജ് സുകുമാരൻ, ലിസ്റ്റിൻ സ്റ്റീഫൻ എന്നിവർ ചേർന്നാണ്. ചിത്രത്തിൽ അഹല്യ ഹോസ്പിറ്റലിനെ അപകീർത്തിപ്പെടുത്തിയെന്ന പരാതിയിൽ ചിത്രത്തിന്റെ നായകനും നിർമാതാവുമായ പൃഥ്വിരാജിനെതിരെ അഹല്യ ഗ്രൂപ്പ് അധികൃതർ കോടതിയിൽ പരാതി ഉന്നയിച്ചിരുന്നു. ഈ പരാതിയിൽ പൃഥിരാജ് കോടതിയിൽ മാപ്പ് പറഞ്ഞിരുന്നു. ചിത്രത്തിലെ ഈ ഭാഗങ്ങൾ സിനിമയിൽ നിന്ന് നീക്കം ചെയ്തിട്ടുണ്ടെന്നും പൃഥിരാജ് കോടതിയിൽ പറഞ്ഞു. ഇപ്പോഴിതാ തന്റെ ഫേസ്ബുക്ക് പ്രൊഫൈലിലൂടെ മാപ്പ് പറയുന്ന ഒരു വീഡിയോ കൂടി അദ്ദേഹം പോസ്റ്റ് ചെയ്തിരിക്കുകയാണ്.
പൃഥ്വിരാജിന്റെ വാക്കുകളിലൂടെ…
നമസ്കാരം.
ഞാൻ അഭിനയിക്കുകയും നിർമ്മിക്കുകയും ചെയ്ത ഡ്രൈവിംഗ് ലൈസൻസ് എന്ന സിനിമയിൽ അഹല്യ എന്ന് പേരുള്ള ഒരു ഹോസ്പിറ്റലിനെ കുറിച്ച് കഥയുടെ ആവശ്യകതയുടെ അടിസ്ഥാനത്തിൽ മോശമായി പരാമർശിക്കുക ഉണ്ടായി. ഈ സീനിൽ അഭിനയിക്കുമ്പോഴോ പിന്നീട് ഡബ്ബിങ് സമയത്തോ അഹല്യ എന്ന പേരിൽ വലിയ പാരമ്പര്യം ഉള്ള ഒരു ഹെൽത്ത് കെയർ ഇന്സ്ടിട്യൂഷൻ ഇന്ത്യയിലും പുറത്തും വർഷങ്ങങ്ങളായി പ്രവർത്തിച്ചു വരുന്നു എന്ന വസ്തുത എനിക്ക് വ്യക്തിപരമായി അറിവുള്ളതായിരുന്നതല്ല. അതുകൊണ്ടു തന്നെ ഈ സിനിമയിൽ പരാമർശിക്കപെട്ടിരിക്കുന്ന അഹല്യ എന്ന ഹോസ്പിറ്റൽ തികച്ചും സാങ്കല്പികം മാത്രം ആണ് എന്ന് പറഞ്ഞുകൊള്ളട്ടെ.
എന്നാൽ ഇത്തരത്തിൽ ഉള്ള ഒരു പരാമർശം അഹല്യ ഗ്രൂപ്പ് ഓഫ് ഹോസ്പിറ്റൽസിന്റെ ഉടമസ്ഥതക്കും, സ്റ്റാഫ് അംഗങ്ങൾക്കും അവിടെ വർക്ക് ചെയ്യുന്ന ഡോക്ടർസിനും വലിയ രീതിയിൽ ഉള്ള വിഷമം ഉണ്ടാക്കി എന്ന് ഞാൻ മനസ്സിലാക്കുന്നു.
അതുകൊണ്ടു തന്നെ, ഡ്രൈവിംഗ് ലൈസൻസ് എന്ന സിനിമയിലെ പ്രധാന നടൻ എന്ന നിലയിലും നിർമ്മാതാവ് എന്ന നിലയിലും ഞാൻ അഹല്യ ഗ്രൂപ്പ് ഓഫ് ഹോസ്പിറ്റൽസിന്റെ ഉടമസ്ഥതയോടും, സ്റ്റാഫ് അംഗങ്ങൾക്കും, അവിടെ പ്രവർത്തിക്കുന്ന ഡോക്ടർസ്നോടും അവിടെ ചികിത്സ തേടിട്ടുള്ളതും തേടാൻ പോകുന്നതും ആയിട്ടുള്ള എല്ലാ വ്യക്തികളോടും മാപ്പു ചോദിക്കുന്നു.നന്ദി.