പൃഥ്വിരാജ് സുകുമാരൻ സംവിധായകനായി അരങ്ങേറ്റം കുറിച്ച ലൂസിഫർ തകർത്തെറിഞ്ഞത് മലയാളത്തിലെ പല ബോക്സോഫീസ് റെക്കോർഡുകളുമാണ്. 200 കോടി ക്ലബിൽ ഇടം പിടിച്ച ആദ്യ മലയാള ചിത്രം എന്ന റെക്കോർഡ് കൂടി ചിത്രം നേടിയെടുത്തു. ലൂസിഫർ ഇത്ര മനോഹരമായി എടുത്തതിനാൽ രണ്ടാം ഭാഗമായ എമ്പുരാൻ എടുക്കുവാൻ പൃഥ്വിരാജിന് എളുപ്പമായിരിക്കും എന്നാണ് നാമെല്ലാവരും കരുതുന്നത്. എന്നാൽ അങ്ങനെയല്ല എന്നാണ് പൃഥ്വിരാജ് പറയുന്നത്.
എമ്പുരാൻ തീർച്ചയായും വെല്ലുവിളി നിറഞ്ഞതാണ്. ലൂസിഫറിന്റെ സവിശേഷത എന്താണെന്ന് വെച്ചാൽ അതിൽ ഒരു സർപ്രൈസിന്റെ ഘടകം ഉണ്ടായിരുന്നു. എനിക്കെന്ത് ചെയ്യാൻ കഴിയും? ഞാൻ എന്താണ് പ്രേക്ഷകർക്ക് മുന്നിലേക്ക് കൊണ്ട് വരുന്നത്? എന്നതെല്ലാം ആർക്കും അറിയില്ലായിരുന്നു. ഇൻഡസ്ട്രിയുടെ ഉള്ളിലുള്ളവർക്ക് ഞാൻ ഒരു സിനിമ സംവിധാനം ചെയ്യും എന്ന് മനസ്സിലാക്കിയിട്ടുള്ളവരാണ്. പക്ഷേ ലൂസിഫർ പോലെയൊരു സിനിമ ചെയ്തു കഴിയുമ്പോൾ പ്രേക്ഷകർ വീണ്ടും തീയറ്ററുകളിൽ എത്തുമ്പോൾ ഒരു ലൂസിഫർ എങ്കിലും പ്രതീക്ഷിക്കും. അത് കൊണ്ട് തന്നെ വെല്ലുവിളി കൂടുതലാണ്. നല്ല പ്രഷറുണ്ട്. അതിനാൽ പ്രേക്ഷകർക്ക് മികച്ചൊരു ദൃശ്യവിരുന്ന് തന്നെയായിരിക്കണം എമ്പുരാൻ എന്നെനിക്കുണ്ട്. ഞാൻ എന്റെ കഴിവിന്റെ പരമാവധി ഉപയോഗിക്കും.