അഭിനേതാവായും സംവിധായകനായും നിർമ്മാതാവായും ഗായകനുമായെല്ലാം മലയാളികളെ അത്ഭുതപ്പെടുത്തിയിട്ടുള്ള വ്യക്തിയാണ് പൃഥ്വിരാജ് സുകുമാരൻ. നടൻ സുകുമാരന്റെ മകൻ എന്ന ലേബലിൽ നിന്നും പൃഥ്വിരാജ് സുകുമാരൻ എന്ന മലയാള സിനിമയുടെ തന്നെ അവിഭാജ്യ ഘടകത്തിലേക്ക് കസേര വലിച്ചിട്ട് ഇരുന്ന പൃഥ്വിരാജ് ഇപ്പോൾ ബോളിവുഡ് ചിത്രം നിർമ്മിക്കുവാൻ ഒരുങ്ങുകയാണ്. അദ്ദേഹം തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
സെൽഫി എന്ന് പേരിട്ടിരിക്കുന്ന ചിത്രം മാജിക് ഫ്രെയിംസും പ്രിത്വിരാജ് പ്രൊഡക്ഷൻസും ചേർന്നാണ് നിർമ്മിക്കുന്നത്. കരൺ ജോഹറിന്റെ ധർമ്മ പ്രൊഡക്ഷൻസും, കേപ്പ് ഓഫ് ഗുഡ് ഫിലിംസും കൂടെയുണ്ട്. ഗുഡ് ന്യൂസ് എന്ന ആദ്യ ചിത്രത്തിലൂടെ തന്റെ കഴിവ് തെളിയിച്ച രാജ് മെഹ്ത്ത സംവിധാനം നിർവഹിക്കുന്ന ചിത്രത്തിൽ അക്ഷയ് കുമാറും ഇമ്രാൻ ഹാഷ്മിയുമാണ് നായകന്മാർ.
9 എന്ന ചിത്രം നിർമ്മിച്ചുകൊണ്ടാണ് പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെ തുടക്കം. പൃഥ്വിരാജ് സുകുമാരനും ഭാര്യ സുപ്രിയയുമാണ് അതിന്റെ അമരക്കാർ. ഡ്രൈവിംഗ് ലൈസൻസ്, കുരുതി, കടുവ, ജനഗണമന തുടങ്ങിയ ചിത്രങ്ങളും നിർമ്മിച്ച പൃഥ്വിരാജ് പ്രൊഡക്ഷൻസാണ് പേട്ട, ബിഗിൽ, മാസ്റ്റർ, 83 തുടങ്ങിയ അന്യഭാഷ ചിത്രങ്ങൾ കേരളത്തിൽ പ്രദർശനത്തിന് എത്തിച്ചത്. കെ ജി എഫ് ചാപ്റ്റർ 2, 777 ചാർലി തുടങ്ങിയ ചിത്രങ്ങളുടെ വിതരണാവകാശവും പൃഥ്വിരാജ് പ്രൊഡക്ഷൻസിന് തന്നെയാണ്.
ഐയ്യ എന്ന ചിത്രത്തിലൂടെ ബോളിവുഡിൽ അരങ്ങേറ്റം കുറിച്ച പൃഥ്വിരാജ് ഔറംഗസേബ്, നാം ഷബാന തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. ലൂസിഫറിന് ശേഷം പൃഥ്വിരാജ് സംവിധാനം നിർവഹിക്കുന്ന ബ്രോഡാഡി ജനുവരി 26ന് റിലീസിന് ഒരുങ്ങുകയാണ്. മോഹൻലാൽ തന്നെയാണ് ഈ ചിത്രത്തിലും നായകൻ. കടുവ, ജനഗണമന എന്നിവയാണ് ഇപ്പോൾ പുരോഗമിച്ചുകൊണ്ടിരിക്കുന്ന പൃഥ്വിരാജിന്റെ ചിത്രങ്ങൾ. ആടുജീവിതത്തിന്റെ ബാക്കി ഭാഗങ്ങളും ഉടൻ ചിത്രീകരണം ആരംഭിക്കും.