നായകനായും നിർമ്മാതാവായും സംവിധായകനായും മലയാള സിനിമയിൽ നിറഞ്ഞു നിന്ന പൃഥ്വിരാജ് 3 മാസത്തേക്ക് പൂർണമായും സിനിമയിൽ നിന്നും ഒരു ബ്രേക്ക് എടുക്കുന്നു. അയ്യപ്പനും കോശിയും എന്ന ചിത്രത്തിന്റെ ഷൂട്ടിങ് പൂർത്തിയായ വിവരം അറിയിച്ചു കൊണ്ടാണ് പൃഥ്വിരാജ് ഇക്കാര്യം പറഞ്ഞത്.
അയ്യപ്പനും കോശിയിലെയും എന്റെ ഭാഗങ്ങൾ പൂർത്തിയായി. ലൊക്കേഷനിൽ നിന്നും തിരികെയുള്ള യാത്രയിൽ കഴിഞ്ഞ 20 വർഷം ഞാൻ ഇതേവരെ അനുഭവിച്ചറിഞ്ഞിട്ടില്ലാത്ത ഒന്നാണ് എനിക്കായി കാത്തിരിക്കുന്നത് എന്ന് ഞാൻ തിരിച്ചറിയുന്നു. അടുത്ത മൂന്ന് മാസത്തേക്ക് ഞാൻ സിനിമയിൽ നിന്നും ഒരു ബ്രേക്ക് എടുക്കുകയാണ്. ബ്രേക്ക്..! എന്നും രാവിലെ എഴുന്നേൽക്കും. പക്ഷേ മനസ്സിനെ ഒരുക്കി അന്നത്തെ ഷൂട്ടിനായി ഇറങ്ങിത്തിരിക്കുക എന്നത് ഉണ്ടാകില്ല..! പക്ഷേ ഈ മൂന്ന് മാസം എന്റെ സ്വപ്ന സിനിമയായ ആടുജീവിതത്തിനുള്ള ഒരു ഒരുക്കം കൂടിയാണ്. എങ്കിലും സിനിമ ഇല്ലാത്ത മൂന്ന് മാസം എന്നെ സംബന്ധിച്ചിടത്തോളം വിദൂരത്തുള്ള മങ്ങിയ ഒരു ഓർമ തന്നെയാണ്. ഈ ഒരു ബ്രേക്കിൽ ഞാൻ സന്തോഷവാനാണോ അതോ ചെറുതായിട്ട് ഭയപ്പെട്ടിരിക്കുവാണോ എന്ന് ഇനിയും വ്യക്തമല്ല. പക്ഷേ രണ്ട് സ്ത്രീകൾ ഇക്കാര്യത്തിൽ വളരെ സന്തോഷവതികളാണ്. ഇത് എഴുതി കൊണ്ടിരിക്കുമ്പോൾ വീട്ടിൽ അവർ എനിക്കായിയുള്ള കാത്തിരിപ്പിലാണ്. പക്ഷേ ഞാൻ എത്തുന്നതിന് മുൻപേ അവരിൽ ഒരാൾ ഉറങ്ങിയിട്ടുണ്ടാകും. പക്ഷേ നാളെ ഞായറാഴ്ച ആയതിനാൽ അമ്മ അവളെ ഉറങ്ങാതെ ഇരുത്തുമെന്നാണ് പ്രതീക്ഷ. ഏറ്റവും അടുത്ത് തന്നെ ഞങ്ങളുടെ രണ്ടാമത്തെ നിർമാണ സംരംഭമായ ഡ്രൈവിംഗ് ലൈസൻസ് നിങ്ങളിലേക്ക് എത്തുകയാണ്. എനിക്ക് ഏറെ ഇഷ്ടപ്പെട്ട തിരക്കഥകളിൽ ഒന്നാണ് ഇത്. കൂടാതെ ഈ ചിത്രം എനിക്കും എന്റെ കമ്പനിക്കും ഏറെ സ്പെഷ്യലാണ്. അപ്പോൾ 20ന് ഏവരേയും തീയറ്ററുകളിൽ കാണാം.
#DaadaComingHome