തന്റെ ആദ്യ സംവിധാന സംരംഭമായ ലൂസിഫറിലൂടെ മലയാളത്തിലേക്ക് 200 കോടിയെന്ന നാഴികക്കല്ല് നേടിത്തന്ന പൃഥ്വിരാജ് സുകുമാരന്റെ സംവിധാന മികവിനെ കണ്ട് മലയാളികൾ അത്ഭുതപ്പെട്ടിരിക്കുകയാണ്. ലൂസിഫറിന്റെ രണ്ടാം ഭാഗമായ എമ്പുരാന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് മലയാളികൾ. പുതിയ ചിത്രമായ അയ്യപ്പനും കോശിയുടെയും പ്രചരണാർത്ഥം ടൈംസ് ഓഫ് ഇന്ത്യക്ക് നൽകിയ അഭിമുഖത്തിൽ മൂന്ന് വർഷത്തിൽ ഒരിക്കൽ മാത്രമേ താൻ സംവിധാനം ചെയ്യൂ എന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് പൃഥ്വിരാജ്.
ഫഹദ്, ദുൽഖർ, നിവിൻ എന്നിവരെയെല്ലാം വെച്ച് സിനിമ സംവിധാനം ചെയ്യണമെന്ന് ആഗ്രഹമുണ്ട്. പക്ഷേ അടിസ്ഥാനപരമായി ഞാൻ ഒരു അഭിനേതാവാണ്. ആഗ്രഹമുണ്ടെങ്കിലും ഒന്നിന് പുറകെ ഒന്നായി സിനിമകൾ സംവിധാനം ചെയ്യുവാൻ എനിക്കാകില്ല. ഞാൻ അങ്ങനെ ഒരാളല്ല. ഞാൻ എന്നെ തന്നെ കാണുന്നത് ഒരു അഭിനേതാവായിട്ടാണ്. സംവിധാനം എന്നത് മൂന്ന് വർഷത്തിൽ ഒരിക്കൽ ഞാൻ നിർവഹിക്കുന്ന ഒന്നാണ്. അൻപതോളം ചിത്രങ്ങൾ ഒരുക്കിയ ഒരു സംവിധായകനായി ഞാൻ തീരില്ല എന്ന് എനിക്കുറപ്പാണ്. പക്ഷേ ഞാൻ ആഗ്രഹിക്കുന്നത് അതിന്റെതായ സമയത്ത് ചെയ്തിരിക്കും. മനസ്സിൽ ചില ചിന്തകളൊക്കെയുണ്ട്. പക്ഷേ അതെല്ലാം എമ്പുരാൻ കഴിഞ്ഞിട്ട് ഞാൻ എന്ത് ചെയ്യും എന്നതിനെ ആശ്രയിച്ചിരിക്കുന്നു.
പൃഥ്വിരാജ് ബിജു മേനോനോടൊപ്പം ഒരു ഇടവേളക്ക് ശേഷം വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് അയ്യപ്പനും കോശിയും. പൃഥ്വിരാജും ബിജുമേനോനും ഒന്നിച്ചഭിനയിച്ച അനാർക്കലി എന്ന ചിത്രത്തിലൂടെ പൃഥ്വിരാജിന് വലിയൊരു ഹിറ്റ് സമ്മാനിച്ച തിരക്കഥാകൃത്തും സംവിധായകനുമായ സച്ചിയാണ് ഈ ചിത്രം അണിയിച്ചൊരുക്കുന്നത്. അനാർക്കലി എന്ന ചിത്രത്തിലെ കൂട്ടുകെട്ട് വീണ്ടും ഒന്നിച്ചപ്പോൾ പ്രേക്ഷകർക്ക് ഏറെ ആകാംഷയാണ് ഉള്ളത്. ഗോൾഡ് കോയിൻ മോഷൻ പിക്ചർസിന്റെ ബാനറിൽ രഞ്ജിത്തും പി എം ശശിധരനും ചേർന്നാണ് ഈ ചിത്രം നിർമ്മിക്കുന്നത്. അന്നാ രേഷ്മരാജൻ, സിദ്ദിഖ്, അനുമോഹൻ ജോണി ആന്റണി, അനിൽ നെടുമങ്ങാട്, തരികിട സാബു, ഷാജു ശ്രീധർ ,ഗൗരി നന്ദ തുടങ്ങിയ താരങ്ങൾ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.
ഇതിനിടെ പൃഥ്വിരാജിനെ നായകനാക്കി ജീൻ പോൾ ലാൽ സംവിധാനം ചെയ്ത ഡ്രൈവിംഗ് ലൈസൻസ് നിറഞ്ഞ സദസ്സിൽ പ്രദർശനം തുടരുകയാണ് . 9 എന്ന സിനിമയ്ക്ക് ശേഷം പൃഥ്വിരാജ് പ്രൊഡക്ഷൻസ് നിർമിക്കുന്ന ചിത്രമാണ് ഡ്രൈവിങ് ലൈസൻസ്. ലിസ്റ്റിൻ സ്റ്റീഫൻ മാജിക് ഫ്രെയിംസ് ചിത്രത്തിൻറെ സഹ നിർമാതാക്കളിൽ ഒരാൾ ആണ്.സച്ചിയാണ് തിരക്കഥ.