സോഷ്യൽ മീഡിയയിൽ വൈറലായി നടൻ പൃഥ്വിരാജിന്റെ ആടുജീവിതം ലുക്ക്. കീറിപ്പറിഞ്ഞ വസ്ത്രവും നീണ്ട മുടിയും താടിയും കണ്ട ആരാധകർ ഒരേ സ്വരത്തിൽ ചോദിച്ചത് ‘ഇത് എന്തൊരു കോലമാണ്’ എന്നാണ്. കഥാപാത്രമാകാൻ താരങ്ങൾ ഏതറ്റം വരെയും പോകുന്നത് പലപ്പോഴും വാർത്തയാകാറുണ്ട്. എന്നാൽ, പൃഥ്വിരാജിന്റെ ആടുജീവിതത്തിലെ ലുക്ക് കാണുമ്പോൾ ഇത് പൃഥ്വിരാജ് തന്നെയാണോ എന്ന് തോന്നിപ്പോകും.
മെലിഞ്ഞ് എല്ലുമാത്രം കാണാവുന്ന തരത്തിലുള്ള രൂപം, നീണ്ടു വളർന്ന താടിയും മുടിയും, മേലാകെ അഴുക്ക് പിടിച്ചിരിക്കുന്നു. ആടുജീവിതം സിനിമയ്ക്കായി പൃഥ്വിരാജ് നടത്തിയ രൂപമാറ്റം മുമ്പ് വലിയ ജനശ്രദ്ധ നേടിയിരുന്നു. കരിയറിൽ ആദ്യമായിട്ട് ആയിരിക്കും പൃഥ്വിരാജ് ഇത്തരത്തിലൊരു മാറ്റത്തിലേക്ക് എത്തിയിരിക്കുന്നത്. ആടുജീവിതത്തിലെ ഗെറ്റപ്പ് പുറത്ത് വന്നതിനു പിന്നാലെ നിരവധി പേരാണ് താരത്തിന് അഭിനന്ദനവുമായി എത്തിയിരിക്കുന്നത്. അതേസമയം, ഈ ഫോട്ടോ എ ഐ ഉപയോഗിച്ച് നിർമിച്ചതാണെന്ന് പറയുന്നവരും ഉണ്ട്.
മലയാളികൾ പ്രതീക്ഷയോടെയും ആവേശത്തോടെയും കാത്തിരിക്കുന്ന ചിത്രമാണ് ആടുജീവിതം. ബെന്യാമിൻ എഴുതിയ ആടുജീവിതം ആണ് സിനിമ ആകുന്നത്. ലോകസിനിമയ്ക്ക് മുന്നിൽ മലയാള സിനിമയെ അടയാളപ്പെടുത്തുന്നതാകും ചിത്രമെന്നാണ് പ്രേക്ഷക വിലയിരുത്തലുകൾ. 2018 ഫെബ്രുവരിയിൽ ആരംഭിച്ച ആടുജീവിതത്തിന്റെ ചിത്രീകരണം 2022 ജൂലൈയിൽ ആണ് പാക്കപ്പായത്. റസൂല്‍ പൂക്കുട്ടിയാണ് സിനിമയുടെ സൗണ്ട് ഡിസൈനര്‍. കെ എസ് സുനില്‍ ഛായാഗ്രഹണവും ശ്രീകര്‍ പ്രസാദ് എഡിറ്റിംഗും നിര്‍വ്വഹിക്കുന്നു. എ ആര് റഹ്മാന് ആണ് സംഗീതം.