2019ൽ പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ് പൃഥ്വിരാജ് സംവിധായകനായി അരങ്ങേറ്റം കുറിക്കുന്ന മോഹൻലാൽ ചിത്രം ലൂസിഫർ. ചിത്രത്തെ കുറിച്ചുള്ള ഓരോ വാർത്തകളും ആവേശം കൊള്ളിക്കുന്നതാണ്. ഏറ്റവും പുതിയതായി പുറത്തിറങ്ങിയ പോസ്റ്ററിനും വമ്പൻ വരവേൽപ്പാണ് ലഭിച്ചിരിക്കുന്നത്. പോസ്റ്റർ തന്റെ ഇൻസ്റ്റാഗ്രാം പേജിൽ ഷെയർ ചെയ്ത പൃഥ്വിരാജിന് കിട്ടിയ ഒരു കമന്റും അതിനുള്ള മറുപടിയുമാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. ഈ ലാലേട്ടനെയാണ് ഞങ്ങൾക്ക് വേണ്ടത് എന്ന് കമന്റിട്ട ആരാധകനോട് തനിക്കും അത് തന്നെയാണ് വേണ്ടതെന്നാണ് പൃഥ്വിരാജ് മറുപടി കൊടുത്തത്.
മോഹൻലാലിന് പുറമേ മഞ്ജു വാര്യർ, ടോവിനോ തോമസ്, ഇന്ദ്രജിത് സുകുമാരൻ തുടങ്ങിയവരും ചിത്രത്തിലുണ്ട്. ബോളിവുഡ് താരം വിവേക് ഒബ്റോയിയും ചിത്രത്തിൽ ഒരു പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്. ആന്റണി പെരുമ്പാവൂർ നിർമിക്കുന്ന ചിത്രത്തിന്റെ തിരക്കഥ മുരളി ഗോപിയാണ്.