ഓണക്കാല സിനിമാ റിലീസുകൾ വരവറിയിക്കാൻ വേണ്ടി അണിയറയിൽ ഒരുങ്ങുകയാണ്.അടുത്ത വെള്ളിയാഴ്ചയോട് കൂടി കേരളത്തിൽ ഓണം റിലീസുകളുടെ തുടക്കം ആരംഭിക്കും.കളർഫുൾ എന്റർടൈനറുകളുടെ ഒരു കൂട്ടമാണ് ഇത്തവണ പ്രേക്ഷകരെ കാത്ത് തയ്യാറായി നിൽക്കുന്നത്.നടൻ പൃഥ്വിരാജ് സുകുമാരനെ സംബന്ധിച്ച് ഏറെ പ്രിയപ്പെട്ടതാണ് ഇത്തവണത്തെ ഓണം റിലീസുകൾ.
ഓണം റിലീസായി തിയറ്ററുകളിൽ എത്തുന്ന നാല് ചിത്രങ്ങളിൽ മൂന്നിലും പൃഥ്വിരാജിന്റെ കുടുംബത്തിന്റെ സാന്നിധ്യം ഉണ്ടെന്നതാണ് ഏറ്റവും ശ്രദ്ധേയമായ കാര്യം.പൃഥ്വിരാജ് നായകനായി എത്തുന്ന ബ്രദേഴ്സ് ഡേ ആണ് ഇതിൽ ഏറ്റവും ആദ്യം.സെപ്റ്റംബർ ആറിന് റിലീസിനെത്തുന്ന ചിത്രം കലാഭവൻ ഷാജോന്റെ സംവിധാന അരങ്ങേറ്റ ചിത്രം കൂടിയാണ്.ആദ്യാവസാന എന്റർടൈനറായ ചിത്രത്തിൽ ഐശ്വര്യ ലക്ഷ്മി ,മിയ, പ്രയാഗ മാർട്ടിൻ ,മഡോണ സെബാസ്റ്റ്യൻ എന്നിവർ നായികമാരായി എത്തുന്നത്.
മോഹൻലാൽ നായകനായി എത്തുന്ന ഇട്ടിമാണി മെയ്ഡ് ഇൻ ചൈന എന്ന ചിത്രത്തിലുമുണ്ട് പൃഥ്വിരാജിന്റെ സാന്നിധ്യം. ഇന്നലെ റിലീസ് ആയ ചിത്രത്തിന്റെ ട്രെയ്ലറിന് മോഹൻലാലിന്റെ മരിച്ചുപോയ അച്ഛന്റെ ചിത്രമായി കാണിക്കുന്നത് നടൻ സുകുമാരന്റെ ചിത്രമാണ്.ലൂസിഫറിന് ശേഷം ആശിർവാദ് സിനിമാസ് നിർമ്മിക്കുന്ന ചിത്രംകൂടിയാണിത്. യുവനടി ഹണി റോസാണ് ചിത്രത്തിൽ നായികയായെത്തുന്നത്.ചിത്രത്തിൽ തൃശ്ശൂർ ഭാഷ സംസാരിക്കുന്ന കുന്നംകുളംകാരൻ മാണിക്കുന്നേൽ ഇട്ടി മാത്തന്റെ മകൻ ഇട്ടിമാണി ആയിട്ടാണ് മോഹൻലാൽ അഭിനയിക്കുന്നത്. മുഴുനീള കോമഡി ചിത്രമായി എത്തുന്ന സിനിമയിൽ മലയാളത്തിലെ മുൻനിര താരങ്ങളും വേഷമിടുന്നു.
നിവിൻ പോളി നായകനാകുന്ന ലൗ ആക്ഷൻ ഡ്രാമയിൽ നിവിൻ പോളിയുടെ അമ്മ വേഷം കൈകാര്യം ചെയ്യുന്നത് മല്ലിക സുകുമാരനാണ്.ചിത്രത്തിന്റെ ടീസറിൽ വളരെ രസകരമായ ഒരു സംഭാഷണവും മല്ലിക പറയുന്നുണ്ട്.ധ്യാൻ ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നിവിൻ പോളിയും തെന്നിന്ത്യൻ സുന്ദരി നയൻതാരയുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.ഇത് ആദ്യമായാണ് നിവിൻ പോളിയും നയൻതാരയും ഒന്നിക്കുന്നത്.ചിത്രത്തിൽ നിവിൻ പോളി ദിനേശൻ എന്ന കഥാപാത്രത്തെയും നയൻതാര ശോഭ എന്ന കഥാപാത്രത്തെയുമാണ് അവതരിപ്പിക്കുന്നത്.ധ്യാൻ ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന ആദ്യ ചിത്രം കൂടിയാണ് ലൗ ആക്ഷൻ ഡ്രാമ