മുംബൈയിലെ ഒരു ഹോട്ടലിൽ നിന്ന് തനിക്ക് നേരിടേണ്ടി വന്ന മോശം അനുഭവങ്ങളെക്കുറിച്ച് തുറന്നു പറഞ്ഞ് നടി പ്രിയ വാര്യർ. ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട് താമസം ഒരുക്കിയ ഹോട്ടലിൽ നിന്നാണ് നടിക്ക് മോശം അനുഭവം ഉണ്ടായത്. താൻ താമസിക്കുന്ന ഹോട്ടലിൽ പുറത്തുനിന്നുള്ള ഭക്ഷണം അനുവദിക്കുമായിരുന്നില്ലെന്നും അത്തരത്തിൽ ഒരു പോളിസി അവർക്ക് ഉണ്ടായിരുന്നെന്നും പ്രിയ പറഞ്ഞു.
‘വളരെ ബുദ്ധിപരമായ ഒരു പോളിസി ഞാൻ താമസിക്കുന്ന ഹോട്ടലിന് ഉണ്ടായിരുന്നു. പുറത്തു നിന്നുള്ള ഭക്ഷണം ഹോട്ടലിന് അകത്ത് അവർ അനുവദിക്കില്ല. അങ്ങനെ ചെയ്യുമ്പോൾ താമസക്കാരിൽ നിന്ന് ഭക്ഷണത്തിന് വേണ്ടി അമിതതുക ഈടാക്കുകയും ചെയ്യാമല്ലോ. അവിടെ ഓർഡർ ചെയ്യുന്ന ഭക്ഷണത്തിനെല്ലാം പ്രത്യേക ചാർജ് ആയിരുന്നു. ഇതിനെക്കുറിച്ച് എനിക്ക് അറിയില്ലായിരുന്നു. ഷൂട്ട് കഴിഞ്ഞ് വന്നപ്പോൾ ഞാൻ കുറച്ച് ഭക്ഷണവും കൊണ്ടുവന്നു. എന്നാൽ, പുറത്തുനിന്നുള്ള ഭക്ഷണം അകത്തു കയറ്റാൻ കഴിയില്ലെന്ന് അവർ പറഞ്ഞു. ഇത്തവണത്തേക്ക് ക്ഷമിക്കാൻ ഞാൻ അവരോട് അഭ്യർത്ഥിച്ചെങ്കിലും ഒന്നുകിൽ ഭക്ഷണം കളയണമെന്നും അല്ലെങ്കിൽ പുറത്ത് നിന്ന് കഴിക്കണമെന്നും അവർ വ്യക്തമാക്കി. അവസാനം ആ തണുപ്പത്ത് പുറത്തിരുന്ന് ഭക്ഷണം കഴിക്കേണ്ടി വന്നു’ – പ്രിയ വാര്യർ പറഞ്ഞു.
ഷൂട്ടിങ്ങ് ആവശ്യങ്ങളുമായി ബന്ധപ്പെട്ട് താമസിക്കുവാൻ വേണ്ടി ബുക്ക് ചെയ്തതായിരുന്നു ഈ ഹോട്ടൽ. അക്കാരണത്താൽ തന്നെ ഹോട്ടലിന്റെ പോളിസികൾ വായിച്ച് മനസിലാക്കാൻ തനിക്ക് കഴിഞ്ഞില്ലെന്നും പ്രിയ വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട് ഹോട്ടലുകാർ ഒരു വലിയ സീൻ തന്നെ അവിടെ ഉണ്ടാക്കിയെന്നും താൻ പറയുന്നത് ഒന്ന് കേൾക്കാൻ പോലും അവർ തയ്യാറായില്ലെന്നും പ്രിയ പറഞ്ഞു.